തിരുവനന്തപുരം: മൂന്നാം ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനിൽ സുനിതയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജോയി ആന്റണിയെ ആണ് കോടതി ശിക്ഷിച്ചത്.
പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയുമാണ് ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണു വിധിച്ചത്.
2013 ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സുനിതയെ ജോയി മൺവെട്ടിക്കൈ കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. ഏഴും അഞ്ചും വയസുള്ള പെൺകുട്ടികളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് പ്രതി മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചത്.
സുനിത ഉൾപ്പെടെ നാലു ഭാര്യമാരുള്ള ജോയ്, അഞ്ചാമത് വിവാഹംകൂടി കഴിക്കാൻവേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാനായി.












