എന്റെ കുഞ്ഞിന് മറ്റുള്ളവരെ കാണുമ്പോഴേ ഭയമാണ് അവന്/ അവൾക്ക് നാണമാണ്. ഒരിക്കലെങ്കിലും അച്ഛനമ്മമാർ പരാതിപ്പെട്ടിട്ടുള്ള കാര്യമാണിത്. കുട്ടികൾ ഇൻട്രോവേർട്ട് ആവുന്നത് അത്ര ദു:ഖകരമായ കാര്യമല്ലെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും ആളുകളോട് ഇടപഴകാനും വിമുഖത കാണിക്കുന്ന ഇവർ മറ്റു പല മേഖലകളിലും വലിയ പ്രാവീണ്യം ഉള്ളവരായിരിക്കും. മറിച്ച് എന്തെങ്കിലും പ്രത്യേക കാരണം കൊണ്ടാണോ കുഞ്ഞിന് ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസം എന്ന കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. കുട്ടി എന്തെങ്കിലും മാനസിക പ്രശ്‌നം അനുഭവിക്കുന്നതായി തോന്നുകയാണെങ്കിൽ നല്ല ഒരു ഡോക്ടറെ കാണിക്കുക.
കുട്ടികളുടെ വ്യക്തിത്വം മാറ്റാതെ തന്നെ അവരെ സ്മാർട്ട് ആക്കാൻ മാതാപിതാക്കൾ മനസ്സുവച്ചാൽ സാധിക്കും. അമിതമായിട്ടുള്ള നാണം കുട്ടികളിൽ വളരാൻ മാതാപിതാക്കൾ സമ്മതിക്കരുത്. ഇത് കുട്ടികളിൽ കോഗ്‌നിറ്റീവ് ഡിസോഡർ മുതൽ സ്വയം വളരുന്നതിൽ നിന്നും വരോ പിന്നോക്കം വലിക്കാൻ ഇത് കാരണമാകും.
വീട്ടിൽ ഇടം നൽകാം
കുട്ടികൾക്ക് കാര്യങ്ങൾ തുറന്നു സംസാരിക്കാനും ചർച്ച ചെയ്യാനും വീട്ടിൽ നല്ല ഇടം നൽകുക. വീട്ടിൽ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ആളില്ലാതെ വരുമ്പോൾ, അവർ പൊതു ഇടങ്ങളിൽ സംസാരിക്കാൻ ധൈര്യം ഇല്ലാത്തവരായി മാറും
ധൈര്യം നൽകുക
പൊതു ഇടങ്ങളിൽ സംസാരിക്കാനുള്ള അവസരവും ധൈര്യവും നൽകുന്നത് പരമപ്രധാനമാണ്. എന്നാൽ കുട്ടികളെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ അരുത്. കുട്ടികൾ എന്തെങ്കിലും ഉത്സാഹത്തോടെ പറഞ്ഞ് അവതരിപ്പിക്കാൻ വന്നാൽ അവരെ തളർത്താതെ അവ കേൾക്കുന്നതും കുട്ടികളിലെ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കുന്ന കാര്യമാണ്.
പരസ്യമായി കളിയാക്കൽ വേണ്ട
നീ നാണം കുണുങ്ങിയാണ്, ധൈര്യമില്ല, എന്നൊന്നും പറഞ്ഞ് കുട്ടികളെ കളിയാക്കാതിരിക്കുക. ഇത് കുട്ടികളെ മാനസികമായി ഏറെ തളർത്തും.
പൊതു ഇടത്തിലെ ചോദ്യങ്ങൾക്ക് മുൻപിൽ പെട്ടെന്ന് പതറി പോകുന്നുതാണ് പ്രശ്‌നമെങ്കിൽ, പെട്ടെന്ന് ഉത്തരം പറയാൻ സാധിക്കാത്ത സാഹചര്യത്തിൽ നാണിച്ച് ഇരിക്കുന്നതിന് പകരം ഇപ്പോൾ ഉത്തരം പറയാൻ താൽപര്യമില്ല എന്ന് പറഞ്ഞ് പഠിപ്പിക്കാം.
പേടിപ്പിച്ച് നിർത്തലും താരതമ്യവും വേണ്ട
കുട്ടികളെ പേടിപ്പിച്ച് ഓരോന്ന് ചെയ്യിപ്പിക്കുന്നത് വലിയ ദോഷം ചെയ്യും.കുട്ടികളോട് മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് മറ്റുള്ള കുട്ടികളുമായി തന്റെ കുട്ടിയെ താരതമ്യപ്പെടുത്തുന്നത്. കുട്ടികളെ മാനസികമായി ഇല്ലാതാക്കുന്ന കാര്യമാണ് ഇത്തരം താരതമ്യപ്പെടുത്തലുകൾ
Discussion about this post