മയക്കുമരുന്ന് പിടികൂടുക, അതിന്റെ ഉറവിടം കണ്ടെത്തുക എന്നതെല്ലാം ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഏറെ ശ്രമകരമായ ജോലിയാണ്. പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിൽ മാത്രമായിരിക്കും പലപ്പോഴും ചെറിയ വിവരമെങ്കിലും ലഭിക്കുന്നത്. എന്നാലിവിടെ മയക്കുമരുന്ന് കടത്തിയ ആൾ പോലീസ് ചോദിക്കുന്നതിന് മുൻപ് തന്നെ എല്ലാ വിവരങ്ങളും അങ്ങോട്ട് പറഞ്ഞ് സഹായിച്ച കഥയാണ് പുറത്ത് വരുന്നത്.
ബ്രിട്ടനിലാണ് സംഭവം. പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയ പോലീസിനെയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവ് എല്ലാ വിവരങ്ങളും നൽകി സഹായിച്ചത്. ലഹരി കണ്ടെത്തിയതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൈറൻ ഗ്രാന്റ് എന്ന യുവാവാണ് അറസ്റ്റിലായത്. പതിവ് രാത്രി പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്താണ് കൈറന്റെ കാർ അത് വഴി വരുന്നത്.
ഉടനെ തന്നെ പോലീസ് കൈ കാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും, സംശയാസ്പദമായ എന്തെങ്കിലും വാഹനത്തിലുണ്ടോ എന്നറിയാനാണ് പരിശോധനയെന്നും അറിയിച്ചു. തൊട്ടുപിന്നാലെ കൈറൻ നൽകിയ മറുപടി അവിടെ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരേയും ഞെട്ടിച്ചു. താൻ വലിയ അളവിൽ മയക്കുമരുന്ന് കടത്തുകയാണെന്നായിരുന്നു മറുപടി. എവിടെയാണ് ഉള്ളതെന്ന ചോദ്യത്തിന് ബൂട്ടിൽ ആണെന്നായിരുന്നു മറുപടി.
കൊക്കെയ്‌നും, ലഹരിമരുന്നുമെല്ലാം ബൂട്ടിനുള്ളിൽ ഉണ്ടെന്ന് ഇയാൾ പറഞ്ഞു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 19 കിലോയോളം കൊക്കെയ്‌നാണ് കണ്ടെത്തിയത്. ചില്ലറ വിപണിയിൽ ഇതിന് 19 കോടിയിലധികം രൂപ വില വരുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടനെ തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതിയിലും കുറ്റസമ്മതം നടത്തിയ പ്രതിക്ക് എട്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.
Discussion about this post