ഡല്‍ഹി: ശത്രുരാജ്യങ്ങള്‍ക്ക് പേടി സ്വപ്നമായി ഇന്ത്യയുടെ ആദ്യ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്ത്, മിസൈല്‍ വിക്ഷേപണത്തിനായി ഒരുങ്ങി. അമേരിക്കയുടെ ടോമാഹോക്ക്, പാക്കിസ്ഥാന്റെ ബാബര്‍ മിസൈലുകള്‍ക്ക് ഇന്ത്യയുടെ മറുപടിയായുള്ള നിര്‍ഭയ് ദീര്‍ഘദൂര മിസൈലുകളാണ് അരിഹന്തില്‍ നിന്നു പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിര്ഭയ്ക്കു താണ്ടാനാവുന്ന പരമാവധി ദൂരം 1000 കിലോമീറ്ററാണ്.
. അരിഹന്തില്‍ ഇതു വരെ നടത്തിയ എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നു. ഇതും വിജയകരമാകുമെന്നു തന്നെയാണു പ്രതീക്ഷയെന്ന് ഇന്ത്യയുെട പ്രതിരോധ വക്താക്കളില്‍ ഒരാള്‍ പറഞ്ഞു. സാഗരിക കെ15 അന്തര്‍ വാഹിനി എന്ന ബാലിസ്റ്റിക് മിസൈലും അരിഹന്തില്‍ നിന്ന് വിക്ഷേപിക്കുന്നുണ്ട്. 700750 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഈ മിസൈലിനാകും. 3500 കിലോമീറ്റര്‍ ദൂരം താണ്ടാനാവുന്ന കെ4 മിസൈലും പരീക്ഷിക്കുന്നുണ്ട്. ആണവായുധങ്ങള്‍ വഹിക്കുവാന്‍ ശേഷിയുള്ളതാണ് നിര്‍ഭയ്, കെ 15 മിസൈലുകള്‍.
മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയമായാല്‍ നാവിക സേനയുടെ വിശാഖപട്ടണത്തുള്ള പടക്കപ്പലുകളുടെ കൂട്ടത്തിലേയ്ക്ക് അരിഹന്തും ചേര്‍ക്കപ്പെടും. മാസങ്ങള്‍ക്കു മുന്‍പാണ് അരിഹന്ത് കടലിലിറങ്ങിയത്. അരിഹന്തിലെ ആണവ റിയാക്ടര്‍ പരിപൂര്‍ണ രീതിയില്‍ പ്രവര്‍ത്തനക്ഷമമായതോടെ അമേരിക്ക, റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം അംഗമായിരുന്ന ന്യൂക്ലിയര്‍ സബ്മറൈന് ക്ലബ്ബില്‍ ഇന്ത്യയും അംഗമായി.
അരിഹന്തിനെ നാവികസേനയില്‍ കമ്മിഷന് ചെയ്യുന്നതോടെ കരയില്‍ നിന്നും ആകാശത്തു നിന്നും കടലിനടിയില്‍ നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ‘ത്രിതല ശേഷി’ ഇന്ത്യയ്ക്കു സ്വന്തമാകും.
പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വന്‍കുതിപ്പാണിത്. ആണവ റിയാക്ടറില്‍ നിന്നുള്ള ഊര്‍ജമാണ് അരിഹന്തിന്റെ ഇന്ധനം. ശബ്ദമില്ലാതെ ശത്രുക്കള്‍ക്ക് സമീപമെത്താനുള്ള മികവാണ് അരിഹന്തിന്റെ ഒരു സവിശേഷത. എന്ജിന് പ്രവര്‍ത്തിക്കുമ്പോള്‍ വലിയ ശബ്ദം ഉണ്ടാകാത്തതിനാല്‍ ശത്രുവിന്റെ സെന്‍സറുകള്‍ക്ക് അന്തര്‍വാഹിനിയുടെ സ്ഥാനം കണ്ടെത്താനാവില്ല. ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാന്‍ ഇടയ്ക്കിടെ ഉപരിതലത്തിലേക്കു പൊങ്ങിവരേണ്ടതുമില്ലെന്നതും അരിഹന്തിന്റെ മികവാണ്. അരിഹന്ത് പൂര്‍ണമായ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇന്ത്യന്‍ പ്രതിരോധ സംവിധാനം ഏറെ കരുത്തുറ്റതാകും. തദ്ദേശിയമായ നിര്‍മ്മിതി എന്നതും അഭിമാനകരമായ നേട്ടമാണ്.
Discussion about this post