ജോലിക്കായി വിളിച്ചു വരുത്തിയ ശേഷം കൂലി നൽകിയില്ലെങ്കിൽ എങ്ങനെ ആയിരിക്കും നിങ്ങളുടെ പ്രതികരണം? ചിലർ നിർബന്ധമായും കൂലി ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കും. ചിലർ പ്രാകിക്കൊണ്ട് ആ ശമ്പളം വേണ്ടെന്ന് വെക്കും. മറ്റുചിലരാകട്ടെ നിയമത്തിന്റെ വഴി തേടി കൂലി വാങ്ങിയെടുക്കാൻ ശ്രമിക്കും. ഇനിയൊരു കൂട്ടർ, ചെയ്തു നൽകിയ സേവനം പിൻവലിച്ച് വിലപേശലിന് ശ്രമിക്കും.
അത്തരമൊരു സാഹചര്യത്തോട് വളരെ വ്യത്യസ്തമായി പ്രതികരിച്ച ഒരു പാമ്പുപിടുത്തക്കാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സൗത്ത് വെയിൽസ് സ്വദേശിയായ കോളിൻ ഷൂമാർക്ക് എന്ന പാമ്പുപിടുത്തക്കാരന്റെ വ്യത്യസ്തമായ സമീപനം എങ്ങനെ ആയിരുന്നു എന്ന് നോക്കാം.
2017ലായിരുന്നു സംഭവം. ഒരു വീട്ടിൽ അപകടകാരിയായ വിഷപ്പാമ്പ് കയറിയതായി കോളിന് വീട്ടുടമയുടെ സന്ദേശം ലഭിച്ചു. വീട്ടിലെത്തി നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ കോളിൻ, വീട്ടിലെ റഫ്രിജറേറ്ററിന് പിന്നിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തി. റെഡ് ബെല്ലിഡ് ബ്ലാക്ക് ഇനത്തിൽ പെട്ട അത്യുഗ്രൻ വിഷപ്പാമ്പായിരുന്നു കക്ഷി.
ജോലിയോടുള്ള ആത്മാർത്ഥത നിമിത്തം അത്യന്തം സാഹസികമായ നീക്കത്തിനൊടുവിൽ വല്ലവിധേനയും കോളിൻ പാമ്പിനെ പിടികൂടി. എന്നാൽ, കോളിന് പണം നൽകാൻ വീട്ടുടമ തയ്യാറായില്ല. വീടിനുള്ളിൽ കയറുന്ന പാമ്പുകളെ പിടികൂടുന്നത് സൗജന്യ സേവനമാണെന്നായിരുന്നു വീട്ടുടമയുടെ വാദം. തന്റെ അവസ്ഥയും ജോലിയുടെ ബുദ്ധിമുട്ടുകളും തൊഴിൽ നിയമങ്ങളുമൊക്കെ വിശദീകരിച്ച് കോളിൻ കൂലി നേടിയെടുക്കാൻ ശ്രമിച്ചുവെങ്കിലും വീട്ടുടമ അമ്പിനും വില്ലിനും അടുത്തില്ല.
തുടർന്ന്, ഗത്യന്തരമില്ലാതെ കോളിൻ ഷൂമാർക്ക് ആ കടുംകൈയിലേക്ക് കടന്നും. പിടികൂടിയ വിഷപ്പാമ്പിനെ അയാൾ വീടിനുള്ളിലേക്ക് തന്നെ തുറന്നുവിട്ടു. ഇതുകണ്ട വീട്ടുടമ നിലവിളിച്ചു കൊണ്ട് പാഞ്ഞു. പോലീസിനെ വിളിച്ച് കോളിനെ കൈകാര്യം ചെയ്യിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി.
എന്നാൽ കോളിൻ കുലുങ്ങിയില്ല. പോലീസിനെ വിളിച്ചാലും, പാമ്പിനെ പിടികൂടാൻ അവർക്ക് തന്റെ സഹായം തേടേണ്ടി വരുമെന്നും, പ്രൊഫഷണൽ പാമ്പുപിടിത്തിക്കാരനായ തന്നെ കൊണ്ട് ജോലി ചെയ്യിച്ച ശേഷം കബളിപ്പിച്ചതിന് അവർ വീട്ടുടമസ്ഥനെതിരെ നടപടിയെടുക്കുമെന്നും കോളിൻ പറഞ്ഞു. ഇതോടെ പത്തി മടക്കിയ വീട്ടുടമസ്ഥൻ, കൂലി കൊടുക്കാൻ തയ്യാറായി. തുടർന്ന് പാമ്പിനെയും പിടികൂടി കോളിൻ ഷൂമാർക്ക് യാത്രയായി.
സാഹസികവും അപകടകരവുമായ ഈ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് താനും കുടുംബവും ജീവിക്കുന്നതെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കോളിൻ പറയുന്നു. ജോലി ചെയ്യിച്ചിട്ട് കൂലി നൽകാത്തവർക്ക് ഈ അനുഭവം ഒരു പാഠമായിരിക്കണമെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.
Discussion about this post