കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയെ ബൈക്ക് യാത്രയ്ക്കിടെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് നടപടിയെടുക്കുന്നത്. പ്രിൻസിപ്പലായ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല(53) അദ്ധ്യാപകരായ കോട്ടയം ബ്രഹ്‌മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55), പനങ്ങാട് വെളിപറമ്പിൽ വീട്ടിൽ ജോസഫ് (53) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ വർഷം നവബറിലാണ് കേസിനാസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തിന് പങ്കെടുക്കുന്നതിനായി പ്ലസ് വൺ വിദ്യാർത്ഥിനിയെ അനുഗമിക്കാൻ രക്ഷിതാക്കൾക്ക് കഴിഞ്ഞില്ല. ആ സമയം സാഹചര്യം മുതലെടുത്ത് കിരൺ എന്ന 43 കാരനായ അദ്ധ്യാപകൻ പീഡിപ്പിക്കുകയായിരുന്നു. കലോത്സവം കഴിഞ്ഞ് രാത്രി 8 മണിയോടുകൂടി ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത് വന്ന പെൺകുട്ടിയെ പൊന്നുരുന്നി മുതൽ കരിമുകൾ വരെയുള്ള ഭാഗത്ത് വച്ചാണ് അദ്ധ്യാപകൻ പീഡിപ്പിച്ചത്.
പീഡന വിവരം തൊട്ടെടുത്ത ദിവസം തന്നെ സ്‌കൂൾ അധികൃതരെ അറിയിച്ചെങ്കിലും സംഭവം മൂടി വയ്ക്കാനാണ് ശ്രമിച്ചത്. പോലീസിനെ അറിയിക്കാതെ സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചു. പിന്നാലെ വിദ്യാർത്ഥികൾ സമരം ചെയ്യുകയും പ്രതിയായ കിരൺ എന്ന അദ്ധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.












