കൊച്ചി: നിയമവിദ്യാർത്ഥി പൊതുവേദിയിൽ വെച്ച് നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം വിവാദമായ പശ്ചാത്തലത്തിൽ, തനിക്കും സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി നടി സജിത മഠത്തിൽ. അറിയപ്പെടുന്ന ഒരു ബുദ്ധിജീവി അനുവാദമില്ലാതെ ദേഹത്ത് സ്പർശിച്ചു. താൻ ശരിക്കും ഞെട്ടിപ്പോയെന്ന് സജിത മഠത്തിൽ പറയുന്നു.
ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ ഒരു ഫോട്ടോ എടുത്താലോ എന്നു അയാൾ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു ക്ലിക്ക് ചെയ്തുവെന്ന് സജിത മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒന്നു പ്രതികരിക്കാൻ പോലും സമയമില്ല. തോളിൽ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല. പിന്നെ അന്നു മുഴുവൻ ആ അസ്വസ്ഥത എന്നെ പിന്തുടർന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് നമ്മൾ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപർണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ ഓർത്തത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പുതിയ ചിത്രമായ തങ്കത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് എറണാകുളം ലോ കോളേജ് വിദ്യാർത്ഥി വിഷ്ണു അപർണ ബാലമുരളിയോട് പൊതുവേദിയിൽ വെച്ച് മോശമായി പെരുമാറിയത്. പരിപാടി പുരോഗമിക്കുന്നതിനിടെ പൂവുമായി വേദിയിലേക്ക് കയറിയ വിദ്യാർത്ഥി അപർണയുടെ തോളിൽ കയ്യിട്ട് ഫോട്ടോയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ അതൃപ്തി അറിയിച്ച് അപർണ രംഗത്തെത്തിയതിനെ തുടർന്ന് വിദ്യാർത്ഥിക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.
Discussion about this post