മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കോടിയോളം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ മലപ്പുറം ആതവനാട് സ്വദേശി അബ്ദുൾ ആശിഖ് പിടിയിലായി. കള്ളക്കടത്ത് സംഘം ആശിഖിന് 90,000 രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്.
സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ തവനൂർ സ്വദേശി അബ്ദുൾ നിഷാർ, കൊടുവള്ളി സ്വദേശി സുബൈർ എന്നിവരാണ് രണ്ടാമത്തെ കേസിൽ പിടിയിലായത്. മറ്റൊരു കേസിൽ വടകര വില്ലായപ്പള്ളി സ്വദേശി അഫ്‌നാസ് എന്നയാളെ കസ്റ്റംസ് പിടികൂടി.
അതേപോലെ വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വർണം കണ്ടെത്തി. എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ നിന്നാണ് 1145ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം കണ്ടെത്തിയത്. ഈ കേസിൽ ആരേയും പിടികൂടിയിട്ടില്ല.












