കൊച്ചി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി കേരളത്തിൽ രാഷ്്ട്രീയ ആയുധമാക്കാനുളള ഇടത് സംഘടനകളുടെ നീക്കത്തിന് തിരിച്ചടി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നഗരത്തിലെ പലയിടങ്ങളിലും പ്രദർശനം സംഘടിപ്പിച്ചെങ്കിലും കാണികൾ വളരെ കുറവായിരുന്നു. ചിലയിടങ്ങളിൽ മാദ്ധ്യമപ്രവർത്തകർ മാത്രമായിരുന്നു കാണികളായി ഉണ്ടായിരുന്നത്.
ഇത്രയും ചർച്ചയായ സംഭവമായിട്ടും ആളുകൾ കാണാൻ എത്താഞ്ഞത് പാർട്ടി പ്രവർത്തകരെയും നേതാക്കളെയും നിരാശയിലാക്കി. കാണികൾ വിട്ടുനിന്ന പ്രദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. എല്ലാ പ്രദർശന വേദികളിലും ഡിവൈഎഫ്‌ഐ മാദ്ധ്യമങ്ങളെയും വിളിച്ചുവരുത്തിയിരുന്നു. യുവമോർച്ച ഉൾപ്പെടെയുളള സംഘടനകളുടെ പ്രതിഷേധ സാദ്ധ്യത കൂടി കണക്കിലെടുത്ത് മാദ്ധ്യമപ്രവർത്തകർ പരിപാടി നടന്ന സ്ഥലങ്ങളിൽ എത്തുകയും ചെയ്തു. പ്രദർശനം കാണാൻ ആരുമില്ലായിരുന്നുവെന്ന നാണക്കേടിൽ നിന്ന് ഇതുകൊണ്ടുമാത്രം ഡിവൈഎഫ്‌ഐ രക്ഷപെടുകയായിരുന്നുവെന്ന് സമൂഹമാദ്ധ്യമ ചർച്ചകളിൽ പലരും ചൂണ്ടിക്കാട്ടി.
ആളില്ലാത്തതിനാൽ പ്രദർശനം വൈകിട്ടത്തേക്ക് മാറ്റിയാലോന്ന് പോലും നേതാക്കൾ ആലോചിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചത്. കലൂർ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ കാണികളായി മാദ്ധ്യമപ്രവർത്തകരെക്കൂടാതെ ഏതാനും സിഐടിയു തൊഴിലാളികൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഡിജിറ്റൽ പരസ്യ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ച വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ആ സ്‌ക്രീനിലൂടെയായിരുന്നു ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ആളുകൾ കൂടുതലായി എത്തുന്ന പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. എന്നിട്ടും കാണികൾ ഇല്ലാതിരുന്നത് നാണക്കേടായെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.
പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതികൾ നൽകിയിരുന്നു. ഇതിൽ കാര്യമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പ്രദർശനം പ്രതിരോധിക്കാൻ യുവമോർച്ച പ്രവർത്തകർ രംഗത്തിറങ്ങിയത്.
ഡോക്യുമെന്ററി സമൂഹമാദ്ധ്യമങ്ങളിൽ വിലക്കിയതിൽ പ്രതിഷേധിച്ചാണ് പ്രദർശനമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. മറ്റ് ജില്ലകളിലും ഡോക്യുമെന്ററി പൊതുഇടങ്ങളിൽ സ്‌ക്രീനുകൾ വെച്ച് പ്രദർശിപ്പിക്കാൻ ശ്രമിച്ചിരുന്നു.
Discussion about this post