കൊറോണ ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങളെല്ലാം മാറി ആഘോഷങ്ങളും ആരവങ്ങളും പഴയപോലെ ശക്തിപ്രാപിച്ചുവരികയാണ്. ഇന്ത്യയിലെ കല്യാണ മേളങ്ങളും പണ്ടത്തെ പ്രതാപത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. എന്നാൽ പെൺകുട്ടികൾക്ക് വിവാഹജീവിതത്തിനോടുള്ള താത്പര്യം പൊടിക്ക് കുറഞ്ഞോ എന്ന സംശയം ശക്തമാണ്. ഒറ്റയ്ക്ക് ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധിക പെൺകുട്ടികളും എന്ന്, അവരുടെ ഇന്നത്തെ അഭിപ്രായ പ്രകടനങ്ങൾ ശ്രദ്ധിച്ചാൽ തോന്നും.
എന്നാൽ കേട്ടോളൂ. ഇത് വെറും തോന്നലല്ല. സ്വന്തമായി ഒരു തിരഞ്ഞെടുപ്പിന് അവസരമുണ്ടെങ്കിൽ അവിവാഹിതരായി ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താത്പര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികളുടെയും അഭിപ്രായം. ഡേറ്റിംഗ് ആപ്പായ ബംബിൾ ആണ് ഈ സർവ്വേയ്ക്ക് പിന്നിൽ. വിവാഹം കഴിക്കാതെ തനിച്ചുള്ള ജീവിതം കൂടുതൽ സുഖകരമായി തോന്നുന്നതായാണ് 81 ശതമാനം പെൺകുട്ടികളുടേയും അഭിപ്രായം. ഏറ്റവും അനുയോജ്യനെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്തുന്ന നാൾ വരെ കാത്തിരിക്കാൻ തയ്യാറാണെന്നാണ് 83 ശതമാനം പെൺകുട്ടികളും പറയുന്നതെന്ന് സർവ്വേ വ്യക്തമാക്കുന്നു. ഡേറ്റിംഗിലുള്ള വ്യക്തിയ്ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മറച്ചുവയ്ക്കാനാവില്ല എന്ന് 63 ശതമാനം പേരും പ്രതികരിച്ചു.
ഏറ്റവും പരമ്പരാഗത രീതിയിൽ ജീവിതപങ്കാളികളെ കണ്ടെത്താൻ വീട്ടുകാർ നിർബന്ധിക്കുന്നതായി, ഡേറ്റിംഗ് നടത്തുന്ന ഇന്ത്യക്കാരിൽ 39 ശതമാനം പേരും പ്രതികരിച്ചു. ദീർഘകാല ദാമ്പത്യബന്ധത്തിലേക്ക് കടക്കാൻ വലിയ സമ്മർദ്ദമുണ്ടെന്ന് 33 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.
ഒരു പ്രായം കഴിഞ്ഞിട്ടും കുടുംബ ബന്ധത്തിലേക്ക് കടക്കാത്തത് ഉടൻ കണ്ടത്തേണ്ടത് ഒരു പ്രശ്‌നമാണെന്ന തരത്തിലാണ് സമൂഹവും ബന്ധുക്കളും നോക്കിക്കാണുന്നത്. ഒറ്റയ്ക്ക് ജീവിതം നയിക്കുന്നവരെ മോശക്കാരായി കാണുന്ന പ്രവണതയും സമൂഹത്തിനുണ്ട്. അവിവാഹിത എന്നത് വ്യക്തിത്വത്തിന്റെ ഭാഗമായി പോലും സമൂഹം കാണുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. വ്യക്തിഹത്യ നടക്കുമെന്ന ഭയം കാരണം പലരും ബന്ധുക്കളും നാട്ടുകാരും ഒത്തു ചേരുന്ന പരിപാടികൾക്ക് പങ്കെടുക്കാൻ മടിക്കാറുണ്ടെന്ന് സർവ്വേ വ്യക്തമാക്കി.
അവിവാഹിതരായ ഇന്ത്യക്കാർ, പ്രത്യേകിച്ചും പെൺകുട്ടികൾ, തനിച്ചുള്ള ജീവിതം നയിക്കാൻ ബോധപൂർവ്വമായ ഉറച്ച തീരുമാനമെടുക്കുന്നു. സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും സമൂഹത്തേക്കാൾ കൂടുതൽ പ്രധാന്യവും നൽകി തുടങ്ങി. വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവൻ തുടരുന്നത് സ്വാഭാവികമായ കാര്യമായി പല പെൺകുട്ടികളും ചിന്തിച്ച് തുടങ്ങി എന്നാണ് സർവ്വേയിൽ പറയുന്നത്.
Discussion about this post