ന്യൂഡൽഹി; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ഡൽഹിയിൽ. രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് സ്വീകരിച്ചു. 74ാം റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായാണ് അദ്ദേഹത്തെ ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്.
രാവിലെയോടെയായിരുന്നു ഈജിപ്ഷ്യൻ പ്രസിഡന്റ് ഡൽഹിയിൽ എത്തിയത്. ഇന്ത്യൻ പ്രതിനിധി സംഘം അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അഞ്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ സംഘവും അദ്ദേഹത്തിനൊപ്പം ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
രാഷ്ട്രപതി ഭവനിൽ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കർ, ധർമ്മേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, പിയൂഷ് ഗോയൽ എന്നിവരും, ഡൽഹി ലഫ്റ്റന്റ് ഗവർണർ വി.കെ സക്‌സേന എന്നിവരും സന്നിഹിതരായിരുന്നു. ദ്രൗപദി മുർമുവും, പ്രധാനമന്ത്രിയും ഈജിപ്ഷ്യൻ പ്രസിഡന്റിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം 75 വർഷം പൂർത്തിയാകുകയാണ്. ഈ വേളയിൽ കൂടിയാണ് അദ്ദേഹത്തെ മുഖ്യതിഥിയായി ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. ജി.20യിൽ അതിഥി രാജ്യമായി ഈജിപ്തിന് ഇന്ത്യയുടെ ക്ഷണമുണ്ട് എന്നതും ശ്രദ്ധേയമാണ്.
ആദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുത്ത ശേഷം അദ്ദേഹം വെള്ളിയാഴ്ച ഈജിപ്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് തിരിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നുവെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post