തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം ചെയ്യുന്ന ഏത് അധമപ്രവർത്തിയെയും അതിനേക്കാൾ വാശിയോടെ ചെയ്ത് തീർക്കാൻ ഇവിടെ ഒരു കോൺഗ്രസ് ആവശ്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ കോൺഗ്രസ് കാണിച്ചതുപോലെയുള്ള വൃത്തികേട് മറ്റൊരു സംസ്ഥാനത്തും കണാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
സത്യത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ഏതുതരം രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്? സി. പി. എം ചെയ്യുന്ന ഏതു അധമപ്രവർത്തിയും അതിനേക്കാൾ വാശിയോടെ ചെയ്തു തീർക്കാൻ ഇവിടെ ഒരു കോൺഗ്രസ്സ് ആവശ്യമുണ്ടോ? ബി. ബി. സി ഡോക്യുമെന്ററി ഇന്ത്യമുഴുവൻ പ്രദർശിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയടക്കം ഒരു കോൺഗ്രസ്സ് നേതാവും എവിടേയും പറഞ്ഞതായി കണ്ടില്ല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ്സുകർ കാണിച്ചതുപോലത്തെ വൃത്തികേട് കാണാനുമില്ല. പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സി. പി. എം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാർട്ടിയാണ്. അവർ ഇന്ത്യ ഛിന്നഭിന്നമായി കാണണമെന്നാഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരൻ വന്ന് ഇന്ത്യയിൽ മേഞ്ഞാൽ ഒരു വേദനയുമില്ലാത്ത അഞ്ചാംപത്തികളാണവർ. അവരോട് മൽസരിച്ച് ആരുടെ താൽപ്പര്യമാണ് കോൺഗ്രസ്സ് സംരക്ഷിക്കുന്നതെന്ന് അവരുടെ അണികൾ ആലോചിക്കുന്നത് നന്നായിരിക്കും. പിന്നെ ഷാഫി പറമ്പനും മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കിൽ അനിൽ ആന്റണിമാർ ഇനിയും ഒരുപാടുപേരുണ്ടാവും. അത്രതന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










