ഗാന്ധിനഗർ: റിപ്പബ്ലിക് ദിനത്തിൽ അഹമ്മദാബാദിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ പ്രതികൾ അറസ്റ്റിൽ. നാല് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ദിനത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ അഹമ്മദാബാദ് പോലീസിന് കത്തയച്ചത്.
ഗീതാ മന്ദിർ ബസ് സ്‌റ്റേഷൻ, അഹമ്മദാബാദ് റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ഇതിനായി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഭീഷണിക്കത്തിൽ പ്രതികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രദേശങ്ങളിൽ ബോംബ് സ്‌ക്വാഡും പോലീസും എത്തി പരിശോധന നടത്തി. എന്നാൽ ആശങ്കയുണ്ടാക്കുന്ന ഒന്നും കണ്ടെത്താൻ കഴിയാതെ ഇരുന്നതോടെ സന്ദേശം വ്യാജമാണെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു.
തുടർന്ന് കത്ത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികളിൽ രണ്ട് പേരെ അഹമ്മദാബാദിൽ നിന്നും പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരുടെ സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഭീഷണി ഉദ്യോഗസ്ഥരെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. അറസ്റ്റിലായവർക്ക് ഭീകരബന്ധം ഉണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പോലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post