ഇടുക്കി: കാട്ടാന പ്രശ്‌നത്തിൽ വനംവകുപ്പിനെതിരെ വിമർശനവുമായി എംഎം മണി എംഎൽഎ. കാട്ടാന പ്രശ്‌നത്തിൽ ജനങ്ങൾക്കൊപ്പമാണെന്നും കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്ന് മാറ്റാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പടയപ്പ എന്ന ആന പോകുമ്പോൾ ജീപ്പ് ഡ്രൈവർ ഹോണടിച്ച് പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് കേസെടുത്തത് എംഎൽഎ ചൂണ്ടിക്കാട്ടി. ‘ആന പോകുമ്പോൾ ഞാനും പിറകെ വണ്ടിയുമായി പോയിട്ടുണ്ട്. അപ്പോൾ ഹോണടിക്കും, ആന കാട്ടിലേക്ക് കയറി പോകും. അതിന് അവരുടെ പേരിൽ കേസെടുക്കുന്നു. ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ..? എന്ന് അദ്ദേഹം ചോദിച്ചു.
എന്തെല്ലാം ചെയ്താലും കുഴപ്പക്കാരായ ആനകളെ പിടിച്ചുമാറ്റുകയല്ലാതെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ആനകളും കുഴപ്പക്കാരല്ല. ഇതുവരെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എന്ത് സഹായം നൽകിയെന്ന് വ്യക്തമാക്കണമെന്ന് എംഎം മണി ആവശ്യപ്പെട്ടു.
Discussion about this post