ബംഗലൂരു: കശ്മീരിലെ ഹിന്ദു സമൂഹത്തിന്റെ വർഷങ്ങളായുളള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ടീത് വാളിലെ ശാരദയാത്രാ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുളള പഞ്ചലോഹ വിഗ്രഹവുമായി കർണാടകയിലെ ശൃംഗേരിയിൽ നിന്ന് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച യാത്ര 28 ന് മുംബൈയിലെത്തും.
ചൈത്രമാസശുക്ലപക്ഷത്തിലെ പുണ്യദിനമായ മാർച്ച് 22 നാണ് വിഗ്രഹം ടീത് വാളിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക.സേവ് ശാരദ കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന രവീന്ദർ പണ്ഡിറ്റിന്റെ നേതൃത്വത്തിലാണ് വിഗ്രഹം കശ്മീരിലേക്ക് കൊണ്ടുപോകുന്നത്. ശൃംഗേരിയിൽ നിന്ന് തുടങ്ങിയ യാത്രയ്ക്ക് ബംഗലൂരുവിലെ കശ്മീർ ഭവനിലാണ് ആദ്യ വിശ്രമം ഒരുക്കിയത്. ഊഷ്മള സ്വീകരണമാണ് ഇവിടെ വിഗ്രഹയാത്രയ്ക്ക് ലഭിച്ചത്. കുപ് വാരയിലെ ടീത് വാളിൽ നിയന്ത്രണരേഖാ പ്രദേശത്താണ് പുതിയ ക്ഷേത്രം നിലവിൽ വരിക. ഇവിടെ നിന്നും പഴയ ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ നേരത്തെ കണ്ടെത്തിയിരുന്നു.
അവിടെ നിന്നും 28 ന് യാത്ര മുംബൈയിലെത്തും. തുടർന്ന് പൂനെ അഹമ്മദാബാദ്, ജയ്പൂർ, ഗുഡ്ഗാവ് വഴി ഡൽഹി എൻസിആറിലെത്തും. ഡൽഹി എൻസിആറിൽ നോയ്ഡ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ വിശ്രമത്തിന് ശേഷം ചണ്ഡീഗഢിലേക്ക് സംഘം യാത്ര തിരിക്കും. ഇവിടെ നിന്നും അമൃത് സർ വഴി ജമ്മുവിലെത്തും. ഫെബ്രുവരി 16 നാണ് ജമ്മുവിൽ എത്തുക. തുടർന്ന് മാർച്ച് 22 ന് ശൃംഗേരിയിൽ നിന്നുളള പുരോഹിതരുടെ നേതൃത്വത്തിൽ പ്രതിഷ്ഠാ കർമ്മം നടക്കും.
വിഭജനത്തിന് ശേഷം പാക്് അധീന കശ്മീരിൽ നിന്ന് കടന്നുകയറിയവർ നടത്തിയ അതിക്രമത്തിനിടെ അഗ്നിക്കിരയാക്കിയതാണ് ടീത് വാളിലെ ശാരദയാത്രാ ക്ഷേത്രം. ഹിന്ദു സമൂഹം ഏറെക്കാലം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ക്ഷേത്രം പുനരുജ്ജീവിപ്പിക്കാൻ വഴിയൊരുങ്ങിയത്. സർവ്വജ്ഞ പീഠത്തിലേക്കുളള യാത്രാമദ്ധ്യേ കിഷൻഗംഗ നദിയുടെ തീരത്താണ് ശാരദയാത്രാക്ഷേത്രം പുനർനിർമിക്കുന്നത്.
വിഭജനത്തിന് പിന്നാലെ നടന്ന അധിനിവേശവും അക്രമവും മൂലം ക്ഷേത്രം പരിപാലിച്ചിരുന്ന യോഗിരാജ് സ്വാമി നന്ദലാൽ കൗൾ കുപ്‌വാരയിലെ ടിക്കറിലേക്ക് പ്രാണരക്ഷാർത്ഥം കുടിയേറാൻ നിർബന്ധിതമാകുകയായിരുന്നു. തുടർന്നാണ് ടീത് വാളിലെ ക്ഷേത്രവും ഭക്തർക്ക് നഷ്ടമായത്. ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന ഗുരുദ്വാരയും തകർന്ന നിലയിലായിരുന്നു. ഇതും ക്ഷേത്രത്തോടൊപ്പം പുനർനിർമിക്കുന്നുണ്ട്.
സേവ് ശാരദാ കമ്മിറ്റി നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഇപ്പോൾ ക്ഷേത്രം പുനർനിർമിക്കാൻ വഴിയൊരുങ്ങിയത്. 2021 സെപ്തംബർ 14 നാണ് ക്ഷേത്രം നിർമിക്കാനായി പ്രദേശവാസികൾ സ്ഥലം കൈമാറിയത്. ക്ഷേത്രം യാഥാർത്ഥ്യമാകുന്നതോടെ പാക് അധീന കശ്മീരിലെ ശാരദാപീഠം ക്ഷേത്രത്തിലേക്കുളള വാർഷിക തീർത്ഥയാത്രയ്ക്കും അവസരമൊരുങ്ങുന്ന പ്രതീക്ഷയിലാണ് ഭക്തസമൂഹം. നീലം നദിക്ക് സമീപം പരിപാലിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം നിലവിലുളളത്. ഇവിടേക്കുളള പരമ്പരാഗത തീർത്ഥാടകരുടെ ബേസ് ക്യാമ്പായിരുന്നു ട്വീത് വാളിലെ ശാരദയാത്രാക്ഷേത്രം.
Discussion about this post