ന്യൂഡൽഹി: ദ്വിഗ്‌വിജയ് സിംഗിന് പിന്നാലെ പാകിസ്താൻ ഭീകരാതവളങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് കോൺഗ്രസ് നേതാവ്. മുതിർന്ന നേതാവ് റാഷിദ് അൽവിയാണ് തെളിവ് ചോദിച്ച് രംഗത്ത് എത്തിയത്. സർജിക്കൽ സ്‌ട്രൈക്കിന്റെ വീഡിയോ കേന്ദ്രസർക്കാർ പുറത്തുവിടണമെന്ന് റാഷിദ് അൽവി ചോദിച്ചു.
ദ്വിഗ്‌വിജയ് സിംഗ് സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. തനിക്കും കോൺഗ്രസിനും രാജ്യത്തിന്റെ സേനയിൽ വലിയ വിശ്വാസമാണ് ഉള്ളത്. എങ്കിലും സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന് കേന്ദ്രം പറയുകയല്ലാതെ തെളിവുകൾ പുറത്തുവിട്ടിട്ടല്ല. അതിനാൽ ബിജെപിയെ തങ്ങൾക്ക് വിശ്വാസമില്ല. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന് പറയുന്ന സർക്കാർ ഇതിന്റെ വീഡിയോ പുറത്തുവിടണമെന്നും റാഷിദ് അൽവി വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ് സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഉറിയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ബദലായി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളുമെല്ലാം പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ ദ്വിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് രംഗത്ത് എത്തി. ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി പറഞ്ഞത്. സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് മറ്റൊരു നേതാവ് കൂടി രാജ്യത്തെ സൈനികരുടെ ശക്തി ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post