കാസർകോട് : കോഴിയിറച്ചി കടം വാങ്ങി പണം നൽകാത്തവർക്കെതിരെ കടയുടമ നടത്തുന്ന വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടയുടെ മുന്നിൽ പരസ്യമായി ബോർഡ് വെച്ചാണ് ഉടമയുടെ പ്രതിഷേധം.
‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിൻറെ പൈസ ഉടൻ തന്നെ നൽകേണ്ടതാണ്. അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ എന്നാണ് കോഴിക്കടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്. ആദൂരിലെ സി.എ നഗർ ചിക്കൻ കട ഉടമയായ ഹാരിസാണ് ബോർഡ് വെച്ചത്.
20 വർഷത്തോളമായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ഹാരിസ്. കൊറോണയെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലെത്തി താമസമാക്കി. തുടർന്ന് ഒന്നര വർഷം മുൻപ് ഒരു കോഴിക്കട തുറന്നു. വരുമാനം ലഭിക്കാൻ ആരംഭിച്ചതോടെ ആളുകൾ കടമായി കോഴിയിറച്ചി വാങ്ങാൻ തുടങ്ങി.
പല ആളുകളിൽ നിന്നായി 55,000 ത്തോളം രൂപ തനിക്ക് ലഭിക്കാനുണ്ടെന്ന് ഹാരിസ് പറയുന്നു. കോഴിയിറച്ച് കടം കൊടുത്ത് കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. സുഹൃത്തുക്കളിൽ ചിലർ നൽകിയ ഉപദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നത്. എന്നാൽ പണം നൽകാനുള്ളവരാരും തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നാണ് ഹാരിസ് പറയുന്നത്.
Discussion about this post