ന്യൂഡൽഹി: രാജ്യത്തെ കായിക മേഖലയുടെ പുരോഗതിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സംഭാവനകൾ എണ്ണിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കായിക താരങ്ങൾക്ക് ക്യാഷ് അവാർഡ് ആയും, ജോലിയായും അദ്ദേഹം നൽകുന്ന സംഭാവനകൾ കൂടുതൽ പേരെ കായിക രംഗത്തേക്ക് അടുപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് എന്നും യോഗി വ്യക്തമാക്കി.
മത്സരങ്ങളിൽ വിജയം കൈവരിച്ച് രാജ്യത്തിന്റെ യശ്ശസ്സുയർത്തുന്ന കായിക താരങ്ങൾക്ക് അർഹിക്കുന്ന ആദരവ് നൽകുന്ന ഒരേയൊരു സംസ്ഥാനം ഉത്തർപ്രദേശ് ആണ്. പ്രധാനമന്ത്രിയുടെ പ്രോത്സാഹനത്തിൽ നിന്നും പിന്തുണയിൽ നിന്നുമാണ് സംസ്ഥാനത്തിന് ഇതിനുള്ള പ്രചോദനം ലഭിക്കുന്നത്. ദേശീയ- അന്തർദേശീയ തലത്തിൽ മുന്നേറാൻ കായിക താരങ്ങൾക്ക് എല്ലാവിധ സഹായവും സർക്കാർ നൽകുന്നു. നിലവിൽ എല്ലാ ഗ്രാമങ്ങളിലും ഒരു സ്‌പോർട്‌സ് ഗ്രൗണ്ട് എന്ന സർക്കാരിന്റെ പദ്ധതി പുരോഗമിക്കുകയാണ്. ഇതിന് പുറമേ ബ്ലോക്ക് തലത്തിൽ ജിമ്മുകളും, ചെറിയ സ്‌റ്റേഡിയങ്ങളും സജ്ജീകരിക്കുന്നുണ്ട്. ഓരോ ജില്ലയിലും ഒരു സ്‌റ്റേഡിയം എന്ന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
കായിക രംഗത്ത് നിർണായക നേട്ടങ്ങൾ സ്വന്തമാക്കിയ കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകും. സംസ്ഥാനത്തെ കായിക താരങ്ങളായ ലളിത് ഉപാദ്ധ്യായ, വിജയ് യാദവ് എന്നിവർക്ക് നിയമന കത്ത് നൽകിയിട്ടുണ്ട്. ഉടൻ തന്നെ ഇവർ ജോലിയിൽ പ്രവേശിക്കും. ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ പേരിൽ നിർമ്മിക്കുന്ന ആദ്യത്തെ സർവകലാശാലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മീററ്റിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post