ശ്രീനഗർ : ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് കോൺഗ്രസ്. കശ്മീരിലെ ബനിഹാൽ ടണലിനടുത്ത് വെച്ച് ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെച്ചു. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ യാത്ര പുനരാരംഭിക്കൂ എന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു.
രാഹുൽ ഗാന്ധി നേതൃത്വം വഹിക്കുന്ന യാത്രയ്ക്ക് നേരെ ആളുകൾ കൂട്ടത്തോടെ വന്നുവെന്നാണ് വിവരം. ജനങ്ങളെ നിയന്ത്രിക്കാനോ സുരക്ഷ ക്രമീകരിക്കാനോ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ഇതോടെ രാഹുൽ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റി. പോലീസ് സുരക്ഷ പുനഃക്രമീരിച്ചാൽ മാത്രമേ യാത്ര തുടരാനാകൂ എന്ന് രാഹുൽ ഗാന്ധി അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇത് ആവർത്തിക്കാൻ പാടില്ലെന്നും രാഹുൽ ഉപദേശിച്ചു.
അതേസമയം സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചുവെന്നാണ് രാഹുൽ ആരോപിക്കുന്നത്.. തൻറെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന കാരണമാണ് യാത്ര നിർത്തിവെച്ചത് എന്നും രാഹുൽ പറഞ്ഞു.
ബനിഹാലിൽ നിന്ന് അനന്ത്നാഗിലേക്കുള്ള 16 കിലോമീറ്റർ മാർച്ച് നയിക്കാനായിരുന്നു തീരുമാനം. എന്നാൽ 4 കിലോമീറ്റർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നിർത്തേണ്ടിവന്നു എന്ന് ജയ്‌റാം രമേഷ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ശ്രീനഗറിൽ അടുത്തയാഴ്ച യാത്ര അവസാനിക്കാനിരിക്കെയാണ് ഇന്ന് താത്ക്കാലികമായി നിർത്തിവെച്ചത്.
Discussion about this post