ന്യൂഡൽഹി: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻ ഐ എ കുറ്റപത്രം. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് കർണാടക സംസ്ഥാന വർക്കിംഗ് കമ്മിറ്റിയാണ് നിർദേശം നൽകിയതെന്ന് 69 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകങ്ങൾ നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് പ്രത്യേക കില്ലർ സ്ക്വാഡുകൾക്ക് രൂപം നൽകിയിരുന്നതായും എൻ ഐ എ കണ്ടെത്തി.
സായുധരായ മുതിർന്ന പ്രവർത്തകർ ആർ എസ് എസ്, ബിജെപി, മറ്റ് ഹൈന്ദവ സംഘടനകൾ എന്നിവയിലെ നേതാക്കളുടെ കൊലപാതകങ്ങളിൽ നേരിട്ട് പങ്കെടുത്തു. ആയുധ പരിശീലനം നേടിയ പുതിയ പ്രവർത്തകർ കൊലയാളി സംഘങ്ങൾക്ക് അകമ്പടി സേവിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് വലിയ തോതിൽ ആയുധങ്ങൾ സംഭരിച്ചു. ശേഖരിച്ച ആയുധങ്ങൾ സ്കൂളുകൾ, മദ്രസകൾ, മസ്ജിദുകൾ, സംഘടനാ അനുഭാവികളുടെ വീടുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം, കലാപമുണ്ടായാൽ ചെയ്യേണ്ട പ്രവൃത്തികൾ ആസൂത്രണം ചെയ്യാൻ 21 പള്ളികൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ദുരുപയോഗം ചെയ്തുവെന്നും എൻ ഐ എ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കൊലപാതക കേസ് അന്വേഷണത്തിനിടെ, പ്രവീൺ നെട്ടാരുവും സുഹൃത്ത് ചരൺ രാജും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും എൻ ഐ എക്ക് ലഭിച്ചു. പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ്, അതായത് 2022 ജൂലൈ 25ലെ സംഭാഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ഇതിൽ, കുറച്ച് ദിവസങ്ങളായി തന്നെ പരിചയമില്ലാത്ത നിരവധി പേർ ബൈക്കുകളിൽ പിന്തുടരുന്നതായി നെട്ടാരു പറയുന്നുണ്ട്. തനിക്ക് നേരെ ഒരു ആക്രമണം നടന്നേക്കുമോ എന്ന ആശങ്ക നെട്ടാരുവിന് ഉണ്ടായിരുന്നു. തന്റെ സ്ഥാപനത്തിന് സമീപം സിസിടിവി സ്ഥാപിക്കാൻ നെട്ടാരു പദ്ധതിയിട്ടിരുന്നതായും സംഭാഷണത്തിൽ നിന്നും വ്യക്തമായി.
കേരള- കർണാടക അതിർത്തിയിലെ സുള്ള്യ താലൂക്കിൽ പെടുന്ന ബെല്ലാരെ ഗ്രാമത്തിൽ, 2022 ജൂലൈ 26നായിരുന്നു ബൈക്കുകളിലെത്തിയ മതഭീകരവാദികൾ പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പുട്ടൂരിൽ കോഴി ഫാം നടത്തി വരികയായിരുന്നു നെട്ടാരു.
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം കർണാടകയിലും കേരളത്തിലെ കാസർകോട്, കണ്ണൂർ ജില്ലകളിലും വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായി. കേസിലെ പ്രതികളുടെ കേരള ബന്ധവും ഭീകരവാദ ബന്ധവും പുറത്തായതോടെ, അന്വേഷണം കർണാടക സർക്കാർ എൻ ഐ എക്ക് കൈമാറുകയായിരുന്നു.
Discussion about this post