കഷ്ടകാലം പിടിച്ചവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ എന്ന് പറഞ്ഞ പോലെയാണിപ്പോൾ സൈബർ പോരാളികളുടെ അവസ്ഥ. നേതാക്കൻമാർ ഓരോ ദിവസം ഓരോ പണിയുമായി എത്തും, പാവം പോരാളികൾ അത് ന്യായീകരിച്ച് വെളുപ്പിച്ച് ക്യാപ്‌സ്യൂളുകളാക്കി പുറത്ത് വിടും. ഒരുമിനിറ്റ് പോലും വിശ്രമിക്കാതെയാണ് പോരാളികളുടെ ഈ പോരാട്ടം.
ശമ്പളവിവാദം മൂലം ദിവസങ്ങളായി ‘നമ്മളിടങ്ങൾക്ക്’പണി ഉണ്ടാക്കി കൊടുത്തയാളാണ് യുവജനങ്ങളുടെ സ്വന്തം ചിന്താ ജെറോം. വെറും ചിന്തയല്ല, നല്ല കഷ്ടപ്പെട്ട് ചിന്തിച്ച് ഡോക്ടറേറ്റ് നേടിയെടുത്ത ഡോ. ചിന്ത ജെറോം. ശമ്പള വിവാദത്തിൽ ന്യായീകരണ ക്യാപ്‌സ്യൂളുമായി പലരും വന്നെങ്കിലും ചിന്തയുടെ കത്തുൾപ്പടെ തെളിവുകൾ നിരത്തിയപ്പോഴാണ് ന്യായീകരണ തൊഴിലാളികൾ പത്തി താഴ്ത്തിയത്.
എന്നാലിന്ന് സൈബർപോരാളികൾക്ക് അൽപ്പം പോലും വിശ്രമം കൊടുക്കാതെ ചിന്ത അടുത്ത വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവാണ് ചിന്താ ജെറോം വീണ്ടും വിവാദ നായികയാവാൻ കാരണം. നല്ല കണ്ടന്റ് കൊടുത്ത് സഹായിക്കുന്ന ചിന്തയെ പണ്ടേ പ്രിയമായതിനാൽ ട്രോളന്മാർ അറഞ്ചം പുറഞ്ചം ട്രോളുകയാണ്.
പിന്നല്ലാതെ, കുട്ടിയുടിപ്പിട്ട് നടക്കുന്ന പ്രായത്തിൽ പഠിച്ച ചങ്ങമ്പുഴയുടെ വാഴക്കുലയെ െൈവലോപ്പിള്ളിയുടെ പേരിലാക്കിയാൽ നൊസ്റ്റു അടിച്ചിരിക്കുന്ന ട്രോളന്മാർക്ക് സഹിക്കുമോ? രണ്ടാം ക്ലാസിലെ കുട്ടിയല്ല ഈ ഗുരുതര തെറ്റ് വരുത്തിയത്, ഡോക്ടറേറ്റിനായി തയ്യാറാക്കിയ പ്രബന്ധത്തിലാണ് ഈ ഗുരുതരപിഴവ്. കേരള സർവകലാശാലയുടെ മുൻ പ്രോ. വിസി ആയിരുന്ന ഡോ. അജയകുമാറിന്റെ ഗൈഡൻസിലാണ് ചിന്ത പ്രബന്ധം തയ്യാറാക്കിയത്. ഗൈഡ് പോലും ഈ ഗുരുതര പിഴവ് കണ്ടെത്തിയില്ലെന്നതാണ് ഏറെ ദു:ഖകരം.
2021ലാണ് ചിന്തയ്ക്ക് ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിക്കുന്നത്. അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്നറിയില്ലായിരുന്നു വിവാദത്തിന് പിന്നാലെ ചിന്ത പ്രതികരിച്ചത്. അബദ്ധങ്ങളൊന്നും സമ്മതിച്ച് തരുന്ന ശീലം ചിന്തയ്ക്ക് പണ്ടേ ഇല്ലാത്തതിനാൽ ട്രോളന്മാർ സോഷ്യൽമീഡിയ വാളുകളിൽ ട്രോളുകളങ്ങനെ നിറയ്ക്കുകയാണ്.
ചങ്ങമ്പുഴയുടേയും വൈലോപ്പിള്ളിയുടേയും ദു:ഖം മുതൽ, സ്വന്തം തെറ്റിനെ മറയ്ക്കാൻ പെടാപ്പാട് പെടുന്ന ചിന്ത വരെ ട്രോളായി മാറിയിട്ടുണ്ട്.
Discussion about this post