അലിഗഢ്: റിപ്പബ്ലിക് ദിനത്തിൽ അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ അല്ലാഹു അക്ബർ, ബോലോ തക്ബീർ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ യുപി പോലീസ് കേസെടുത്തു. എൻസിസി യൂണിഫോം അണിഞ്ഞ വിദ്യാർത്ഥികളാണ് മുദ്രാവാക്യം മുഴക്കിയത്. ഐപിസി സെക്ഷൻ 153 ബി, 505 എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസ് എടുത്തത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസിന്റെ നടപടി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമാക്കാൻ ഫോറൻസിക് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
കോളജിലെ എൻസിസി യൂണിറ്റിന്റെ റിപ്പബ്ലിക് ദിന പരിപാടി കഴിഞ്ഞ് വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബോലോ തക്ബീർ വിളി ഉയർന്നതോടെ ഒപ്പമുണ്ടായിരുന്ന മുതിർന്ന എൻസിസി കേഡറ്റ് ഇവരെ വിലക്കുന്നതും വീഡിയോയിൽ കാണാം.
സിവിൽ ലൈൻ പോലീസ് സ്‌റ്റേഷനിൽ സംഭവത്തിൽ പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസിന്റെ നടപടി. യോഗേഷ് വർഷ്‌ണേയ് എന്നയാളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
അതേസമയം എൻസിസി യൂണിഫോമിൽ മതമുദ്രാവാക്യം വിളിച്ച കുട്ടികളെ സസ്‌പെൻഡ് ചെയ്തതായി സർവ്വകലാശാല പ്രോക്ടർ അറിയിച്ചു. സർവ്വകലാശാല ക്യാമ്പസിലെ സർ സയ്യിദ് ഹാളിന് മുൻപിലായിരുന്നു ഒരു വിഭാഗം വിദ്യാർത്ഥികൾ അല്ലാഹു അക്ബർ, ബോലോ തക്ബീർ മുദ്രാവാക്യം വിളിച്ചത്.
സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർവ്വകലാശാല വൈസ് ചാൻസലർ മൊഹമ്മദ് ഇമ്രാൻ വ്യക്തമാക്കി.
Discussion about this post