പാനിപ്പത്ത് ; ചിലർക്ക് മുന്നിൽ പ്രായം വെറുമൊരു നമ്പർ മാത്രമായി മാറാറുണ്ട്. ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ പ്രായത്തിന്റെ അവശതകൾ ശരീരത്തെ തളർത്താതെ നോക്കുന്നവരുമുണ്ട്. അത്തരത്തിൽ ഒരാളെയാണ് പാനിപ്പത്ത് റെയിൽവേ സ്റ്റേഷനിൽ നമുക്ക് കാണാനാവുക.
പാനിപ്പത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുമ്പോൾ ഒരു മിനിറ്റ് പോലും പാഴാക്കാൻ ഇല്ലാതെ ചുളിഞ്ഞ കുർത്ത പൈജാമയും തലയിൽ ഷാളുമായി ഓടിയടുക്കുന്ന കിഷൻ ചന്ദ് എന്ന 91 വയസ്സുള്ള ചുമട്ടുതൊഴിലാളി, വയോധികരെ കുറിച്ചുള്ള നമ്മുടെ കണക്കുകൂട്ടലുകൾ അപ്പാടെ മാറ്റി എഴുതിക്കും.
വിഭജനത്തിന് മുമ്പ് തന്റെ കുടുംബം പാകിസ്താനിലെ ഖേലയ്യ ജില്ലയിലാണ് താമസിച്ചിരുന്നതെന്ന് കിഷൻ ചന്ദ് പറയുന്നു. താമസിക്കാൻ സ്ഥലമില്ലാതെ കിഷൻ ചന്ദും കുടുംബവും ഈ റെയിൽവേ സ്റ്റേഷനെ തങ്ങളുടെ വീടായി കണക്കാക്കി.
‘വിഭജനസമയത്ത് എന്റെ കുടുംബം പാകിസ്താനിൽ നിന്നാണ് ഇന്ത്യയിലെത്തിയത്. എനിക്ക് 15 വയസ്സായിരുന്നു. എന്റെ കുടുംബത്തിന് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി ഞാൻ 1947 ൽ ഈ റെയിൽവേ സ്റ്റേഷനിൽ തന്നെ ജോലി ചെയ്യാൻ തുടങ്ങി. അന്ന് ഇവിടെ നിന്ന് മൂന്നോ നാലോ ട്രെയിനുകൾ മാത്രം കടന്നുപോകുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ. ഇന്ന് 91 വയസ്സായി, ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്നു, ഇവിടെ സുഹൃത്തുക്കളെ ഉണ്ടാക്കി, യാത്രക്കാർക്ക് ലഗേജുകൾ കയറ്റി സമ്പാദിച്ച പണം കൊണ്ടാണ് ഞാൻ മക്കളെ വളർത്തിയത്” കിഷൻ ചന്ദ് പറയുന്നു.
കൽക്കരി എഞ്ചിനുകളുടെ കാലഘട്ടത്തിൽ, ഒരു രൂപയ്ക്ക് എഞ്ചിനിൽ കൽക്കരി ചേർക്കാൻ ഞങ്ങളെ നിയമിച്ചു, ഒന്നുകിൽ ഞങ്ങൾ ലഗേജ് തലയിൽ ചുമക്കുകയോ ഭിക്ഷ യാചിക്കാൻ തുടങ്ങുകയോ ചെയ്യും. ഭിക്ഷാടനം ഒരിക്കലും എനിക്ക് ഒരു ജോലിയായിരുന്നില്ല. ഞാൻ കഷ്ടപ്പെട്ട് എന്റെ അഞ്ച് മക്കളെ വളർത്തി. ചില ദിവസങ്ങളിൽ 400, മറ്റു ദിവസങ്ങളിൽ വെറും 100 രൂപയുമായി വീട്ടിലേക്ക് പോകേണ്ടി വരും. ചിലപ്പോൾ വെറുംകൈയോടെ പോകേണ്ടി വരും.- കിഷൻ ചന്ദ് പറഞ്ഞു.
‘ലാലു പ്രസാദ് യാദവും രാം വിലാസ് പാസ്വാനും റെയിൽവേ മന്ത്രിമാരായപ്പോൾ റെയിൽവേ പോർട്ടർമാർക്ക് ജോലി നൽകാനുള്ള നിർദ്ദേശം പാസാക്കി. പക്ഷേ, 50 വയസ്സിന് താഴെയുള്ള പോർട്ടർമാർക്കാണ് ജോലി നൽകിയത്. എനിക്ക് അന്ന് 50 വയസ്സായിരുന്നു, എനിക്ക് സർക്കാർ സഹായമൊന്നും ലഭിക്കുന്നില്ല. വർഷം തോറും 90 രൂപ അടച്ചാണ് ഞാൻ ഇപ്പോഴും ലൈസൻസ് പുതുക്കുന്നത്,’ കിഷൻ ചന്ദ് പറഞ്ഞു.
പൂർണ്ണ അർപ്പണബോധത്തോടെയാണ് കിഷൻ ചന്ദ് തന്റെ ജോലി ചെയ്യുന്നതെന്ന് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ കൃഷൻ കുമാർ പറഞ്ഞു . നിരവധി ആളുകൾ ഈ പ്രായത്തിൽ അവരുടെ കുട്ടികളെ ആശ്രയിക്കുന്നു. എന്നാ; , കിഷൻ ചന്ദ് തന്റെ ഉപജീവനത്തിനായി ഇന്നും ജോലി ചെയ്യുന്നു , അദ്ദേഹം വളരെ സത്യസന്ധനായ മനുഷ്യനാണ്.- കൃഷൻ കുമാർ പറഞ്ഞു
രാവിലെ 8 മണിക്ക് സ്റ്റേഷനിലെത്തി രാത്രി 9 മണി വരെ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് കിഷൻ ചന്ദ്. വരുമാനം കുറവാണെങ്കിലും പ്രായം ഒരു സംഖ്യ മാത്രമാണെന്നതിന്റെ തെളിവാണ് കിഷൻ ചന്ദിന്റെ ചിരിക്കുന്ന മുഖം
Discussion about this post