വയനാട്: ലക്കിടി ജവഹർ നവോദയ സ്‌കൂളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 500ലെറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണ് ലക്കിടി ജവഹർ നവോദയ വിദ്യാലയം. സ്‌കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളാണ് എല്ലാവരും.
ഇതിൽ 86 കുട്ടികൾക്കാണ് ഇന്നലെ രാത്രി മുതൽ കടുത്ത ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ഇവരെ ഉടനെ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികൾ എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇതിൽ 12 കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വിട്ടയച്ചു.
എന്ത് ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് ഇത്തരമൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്ന കാര്യം വ്യക്തമല്ല. ആരോഗ്യവിഭാഗം ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post