ന്യൂഡൽഹി: ഗോരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിൽ പ്രതി അഹമ്മദ് മുർത്താസക്ക് വധശിക്ഷ. ഡൽഹിയിലെ എൻ ഐ എ പ്രത്യേക കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. യുഎപിഎ അടക്കമുള്ള കേസുകൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ഗോരഖ്നാഥ് ക്ഷേത്ര ആക്രമണം നടന്നത്. ഏപ്രിൽ മാസം പതിമൂന്നാം തീയതി രാത്രി, 36 വയസ്സുകാരനായ ഐഐടി ബിരുദധാരി അഹമ്മദ് അബ്ബാസി മുർത്താസ ഉത്തർ പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് കടന്നുകയറാൻ ശ്രമിച്ചു. ഇയാളെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെ, കൈയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, ഇയാളിൽ നിന്നും അരിവാളും കത്തിയും കണ്ടെടുത്തു. പ്രത്യേക ദൗത്യ സേനയും ഭീകരവിരുദ്ധ സേനയും സംയുക്തമായാണ് കേസ് അന്വേഷിച്ചത്. അറുപത് ദിവസം തുടർച്ചയായി വാദം കേട്ട ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. ഇതിനിടെ പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് സ്ഥാപിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, അത്തരം വാദഗതികളൊന്നും കോടതിയിൽ വിലപ്പോയില്ല.
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 121 പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. എൻ ഐ എ അന്വേഷണത്തിനിടെ പ്രതിയുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധവും വ്യക്തമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്ന പ്രതി, ഭീകരവാദത്തിനായി സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഡ്യൂട്ടിയിലിണ്ടായിരുന്ന പോലീസുകാരെ മാരകമായി ആക്രമിച്ചതിന് ഐപിസി സെക്ഷൻ 307 പ്രകാരം പ്രതിക്ക് ജീവപര്യന്തം കഠിന തടവ് കൂടി വിധിച്ചിട്ടുണ്ട്.
Discussion about this post