ഇസ്ലാമാബാദ്: പെഷവാറിലെ മസ്ജിദിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ മരണം 59 ആയി. 157 പേർക്ക് പരിക്കേറ്റതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മസ്ജിദിന്റെ ചില ഭാഗങ്ങൾ തകർന്നു വീണിരുന്നു. ഇതിനടിയിൽ പെട്ടവരാണ് കൂടുതലും മരിച്ചതെന്ന് പോലീസ് പറഞ്ഞു.
പെഷവാറിലെ പോലീസ് ലൈൻസ് കോംപൗണ്ടിലെ പളളിയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 ഓടെ സുഹുർ പ്രാർത്ഥന നടക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ് രിക് ഇ താലിബാൻ ഏറ്റെടുത്തിരുന്നു. പ്രാർത്ഥനയ്ക്ക് എത്തിയവർക്കൊപ്പം മുൻനിരയിൽ ഇടംപിടിച്ച ചാവേറാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ പെഷവാറിൽ ചൊവ്വാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉൾപ്പെടെ സംഭവസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ലേഡി റീഡിങ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയിരുന്നു. സൈനിക മേധാവി ജനറൽ അസിം മുനീർ, പ്രതിരോധമന്ത്രി ഖവാജ ആസിഫ്, ആഭ്യന്തരമന്ത്രി റാണ സനാവുളള, വാർത്താ വിതരണ മന്ത്രി മറിയം ഔറംഗസേബ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശകരെ കർശനമായി വിലക്കിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഖൈബർ പക്തൂങ്ക്വ ഐജി മൗസം ഝാ അൻസാരി പ്രധാനമന്ത്രിയോട് വെളിപ്പെടുത്തി.
Discussion about this post