ഇറാൻ: തെരുവിൽ നൃത്തം ചെയ്ത ദമ്പതികൾക്ക് 10 വർഷം ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്ന കുറ്റം ചുമത്തിയാണ് ഇരുവരേയും ജയിലിലടച്ചത്. ടെഹ്റാനിലെ ആസാദി ടവറിന് മുന്നിൽ നൃത്തം ചെയ്യുന്ന ദമ്പതികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലായിരുന്നു. അമീർ മുഹമ്മദ് അഹമ്മദി ഇയാളുടെ പ്രതിശ്രുത വധു അസ്തിയാസ് ഹഗിഗി എന്നിവരെ നവംബർ ആദ്യമാണ് ഇറാൻ പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ നിയമങ്ങൾ ദമ്പതികൾ ലംഘിച്ചതായാണ് ഇറാനിയൻ കോടതി പറഞ്ഞത്. നൃത്തം ചെയ്യുന്ന സമയം ഹഗിഗി ശിരോവസ്ത്രം ധരിച്ചിരുന്നില്ല. മാത്രമല്ല ഇറാനിൽ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം പരസ്യമായി നൃത്തം ചെയ്യാനും അനുവാദമില്ല. ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് കാണിച്ചാണ് ദമ്പതികൾക്ക് 10 വർഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചത്. രാജ്യം വിടുന്നതിനും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ നിരവധി പേർ ഇവരെ ഫോളോ ചെയ്യുന്നുണ്ട്. പൊതു ഇടത്തിൽ ദമ്പതികൾ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്നും, ദേശീയ സുരക്ഷയെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് രണ്ട് പേരും തെരുവിൽ നൃത്തം ചെയ്തതെന്നും കോടതി ആരോപിച്ചു. ടെഹ്റാന് പുറത്തുള്ള കർചക് ജയിലിലാണ് ഹഗിഗി എന്നാണ് വിവരം. അതേസമയം ഇരുവരുടേയും ശിക്ഷാവിധിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്; ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.
Discussion about this post