ലക്‌നൗ: രാമചരിതമാനസ് കത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് കത്തയച്ചിരിക്കുന്നത്. രാമചരിതമാനസത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയ സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെയും നടപടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് ഹിന്ദു മഹാസഭയുടെ മധ്യപ്രദേശ് ഘടകം വൈസ് പ്രസിഡന്റ് രാംബാബു സെൻ കത്തിൽ പറയുന്നു.
ലക്നൗവിലെ പിജിഐ കോട്വാലിയിൽ വച്ചാണ് ഒരു കൂട്ടം ആളുകൾ രാമചരിതമാനസത്തിന്റെ പേജുകൾ കത്തിച്ചത്. സൗമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു നീക്കം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
എസ്പി നേതാവ് ലാൽജി പട്ടേലാണ് രാമചരിതമാനസ് കത്തിച്ച് കളയണമെന്ന് ആഹ്വാനം ചെയ്തത്. സ്വാമി പ്രസാദിന് പിന്തുണ പ്രഖ്യാപിച്ച പട്ടേൽ രാമചരിതമാനസം സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന പുസ്തകമാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോളി ദിനത്തിൽ പിന്നാക്കവിഭാഗത്തിൽ പെട്ടവർ രാമചരിതമാനസ് കത്തിച്ച് കളയണമെന്ന് ലാൽജി പട്ടേൽ ആവശ്യപ്പെട്ടത്.
Discussion about this post