പൗളിൻ വിക്ടോറിയ ഒരു അത്ഭുതമാണ്. പ്രചോദന പ്രസംഗിക, പത്രപ്രവർത്തക, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വ്യക്തി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൗളിൻ വിക്ടോറിയ ചെറിയ കുറവുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവർക്ക് പ്രചോദനമാണ്.ഇരുകൈകളും വലുതു കാലും ഇല്ലാതെയാണു പൗളിൻ ജനിച്ചത്. ഇടതു കാലാകട്ടെ, തുടയെല്ലില്ലാതെ തളർന്ന അവസ്ഥയിലും. എന്നാൽ ശാരീരിക പരിമിതികൾ ഏറെയുള്ള മകളെ ഒരു സാധാരണ വ്യക്തിയായിത്തന്നെ വളർത്തണമെന്നു മാതാപിതാക്കളായ അലനും മരിയയും ആഗ്രഹിച്ചു.
സ്‌പെഷ്യൽ സ്‌കൂളിൽ വിടാതെ സാധാരണകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ തന്നെയാണ് മാതാപിതാക്കൾ അവളെ പഠിപ്പിച്ചത്. സ്കൂളിൽ ചേർത്തപ്പോൾ അധ്യാപകരിൽ പലരും കൃത്രിമ കൈകാലുകൾ ഉപയോഗിക്കാൻ പൗളിനോട് ആവശ്യപ്പെട്ടു. എന്നാൽ കൃത്രിമ കൈകാലുകൾ ഉപയോഗിക്കാതെ ജീവിക്കാൻ മാതാപിതാക്കൾ അവളെ പഠിപ്പിച്ചു. കൃത്രിമ കൈകാലുകൾക്ക് പരിമിതികൾ ഉണ്ടെന്നും എന്നാൽ ആ പരിമിതികൾ മറികടക്കാൻ ശരീരത്തെ പ്രാപ്തയാക്കണം എന്നുമാണ് മാതാപിതാക്കൾ അവളെ പഠിപ്പിച്ചത്.
പഠനകാലഘട്ടത്തിൽ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയായിരുന്നു പൗളിൻ. ഓരോ ക്‌ളാസുകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് പൗളിൻ മുന്നേറിയത്.തന്റെ കുറവുകളെയോർത്ത് ഒരിക്കൽ പോലും പൗളിൻ വിഷമിച്ചിരിക്കുന്നതായി ആരും കണ്ടിട്ടില്ല. അത് തന്നെയായിരുന്നു പൗളിൻറെ വിജയവും. സ്‌കൂൾ കാലഘട്ടം പിന്നിട്ടതോടെ പൗളിൻ വീൽച്ചെയർ ഉപയോഗിച്ചു സ്വയം യാത്ര ചെയ്യാനും പരിശീലിച്ചു. പൗളിൻ സാൻഫ്രാൻസിസ്കോയിലെ സാന്റാ ക്ലാരാ സർവകലാശാലയിൽ നിന്നു ബ്രോഡ്കാസ്റ്റ് ജേണലിസത്തിൽ ബിരുദം കരസ്ഥമാക്കി.പഠന കാലഘട്ടത്തിൽ ഹോസ്റ്റലിൽ മാതാപിതാക്കളുടെ സഹായമില്ലാതെ അവൾ ജീവിച്ചു .
പിന്നീട് വാഹനമോടിക്കാനും നീന്താനും എല്ലാം അനായാസം തനിക്ക് സാധിക്കുമെന്ന് പൗളിൻ തെളിയിച്ചു. അതിനായി പ്രത്യേകമായി രൂപകൽപന ചെയ്ത ഡ്രൈവിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ഒരു കൗൺസിലിൽ അവർ ജോലി നേടി.തനിക്ക് സമാനമായി ജീവിതത്തെ നേരിടുന്നവർക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയാണ് പൗളിനെ ആ രംഗത്തേക്ക് എത്തിച്ചത്.
2002ൽ പൗളിൻ സുഹൃത്തായ ടെടിനെ വിവാഹം കഴിച്ചു. 2005-ൽ മകൻ ആരോണിനു ജന്മം നൽകി. ഇതിനിടയിലാണ് പൗളിൻ പ്രചോദന സന്ദേശങ്ങൾ നൽകുന്ന പ്രസംഗങ്ങൾ നടത്തി തുടങ്ങിയത്. പിന്നീട് അത് യുട്യൂബ് വീഡിയോകൾ ആയി. കൈകാലുകൾ ഇല്ലാത്ത ഒരു വ്യക്തി നീന്തുന്ന, കാറോടിക്കുന്ന, സ്വയം മേയ്ക്കപ് അണിയുന്ന വിഡിയോകൾ. ഓരോ വിഡിയോയും പ്രചോദനമാണ്. വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിച്ച് അനേകർക്കു പ്രചോദനമേകുന്ന മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരിയുമായി മാറി പൗളിൻ. ഇന്ന് ലോകത്ത് ഏറെ പ്രീതിയാർജ്ജിച്ച ഒരു മോട്ടിവേഷണൽ സ്പീക്കർ ആണ് പൗളിൻ













Discussion about this post