കാബൂൾ: 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നടത്തിയ സഹായ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് താലിബാൻ നേതാക്കൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി 200 കോടി രൂപയുടെ പാക്കേജ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള ഇന്ത്യയുടെ രണ്ടാം ബജറ്റ് അവതരണമായിരുന്നു കഴിഞ്ഞ ദിവസത്തേത്. കഴിഞ്ഞ വർഷവും സമാന രീതിയിൽ ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായഹസ്തം നീട്ടിയിരുന്നു. ” അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ നൽകുന്ന പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നും” താലിബാൻ അംഗം സുഹൈൽ ഷഹീൻ പറഞ്ഞു.
2021 ഓഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇന്ത്യയുടെ സഹായത്തോടെ അഫ്ഗാനിൽ നടത്തി വന്നിരുന്ന പല വികസന പ്രവർത്തനങ്ങളും പാതി വഴിയിൽ നിലയ്ക്കുകയും ചെയ്തു. ഈ പദ്ധതികൾ പുന:രാരംഭിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, ഇന്ത്യയുമായി മികച്ച ബന്ധമാണ് അഫ്ഗാൻ ആഗ്രഹിക്കുന്നതെന്നും സുഹൈൽ ഷഹീൻ കൂട്ടിച്ചേർത്തു
Discussion about this post