പാട്‌ന: ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന ആറ് വരിപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വടക്കൻ ബിഹാറിനേയും തെക്കൻ ബിഹാറിനേയും തമ്മിൽ യോജിപ്പിക്കുന്ന പാലമാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് അതിവേഗം ഇരു സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. 6.925 കിലോമീറ്റർ നീളത്തിലാണ് പാലത്തിന്റെ നിർമ്മാണം.
ഗംഗാ നദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന ഈ ആറ് വരിപ്പാത കേബിൾ പാലത്തിന്റെ മാതൃകയിലാകും ഉണ്ടാവുക. ദിഘ, സോനേപൂർ എന്നീ സ്ഥലങ്ങളെയാണ് പാലം വഴി ബന്ധിപ്പിക്കുന്നത്. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പാലത്തിന്റെ നിർമ്മാണത്തിന് അനുമതി നൽകിയത്.
2635 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. 24 മാസത്തിനുള്ളിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. പാലം നിർമ്മിക്കുന്ന ഏജൻസിക്ക് തന്നെയാണ് പാലം നിർമ്മാണത്തിന് ശേഷമുള്ള മൂന്നര വർഷവും പരിപാലന ചുമതല നൽകിയിരിക്കുന്നത്.
Discussion about this post