ലക്‌നൗ: അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 72കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് അടുത്തവട്ടവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ പലരും ഉന്നയിക്കുന്ന ഒരു സംശയമുണ്ട്. 2029ന് ശേഷം നരേന്ദ്രമോദി പിന്മാറിയാൽ ആരായിരിക്കും അദ്ദേഹത്തിന്റെ പിൻഗാമി എന്ന ചോദ്യം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് ഉൾപ്പെടെ പല പേരുകളും ഉയർന്നു വരുന്നമുണ്ട്.
പ്രധാനമന്ത്രി സ്ഥാനമാണോ യോഗി ആദിത്യനാഥ് ഇനി ലക്ഷ്യമിടുന്നത് എന്ന ചോദ്യം കഴിഞ്ഞ ദിവസം അദ്ദേഹത്തോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. താൻ ഒരു സ്ഥാനത്തിന് വേണ്ടിയും മത്സരിക്കുന്ന ആളല്ലെന്നും, സംസ്ഥാനത്ത് തുടരാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. ” എനിക്ക് ഒരു പദവിയിലും മോഹമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം പുതിയ വ്യക്തിത്വം ഉണ്ടാക്കി.
മോദി സർക്കാരിന്റെ നയങ്ങൾ കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെട്ടിട്ടുണ്ട്. ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. ഈ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയേണ്ട സമയമാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. 2019നെ അപേക്ഷിച്ച് 2024ൽ ഉത്തർപ്രദേശിൽ നിന്ന് ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
രാമചരിതമാനസവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ” വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു വിഷയം ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത്. സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരിക്കലും അവരുടെ ലക്ഷ്യം കാണില്ലെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post