ന്യൂഡൽഹി: കടയിലെ സാധനങ്ങൾ വിറ്റ് കിട്ടിയ പണം കള്ളന്മാർ മോഷ്ടിച്ചു കൊണ്ടുപോയെന്ന വ്യാജപരാതി നൽകിയ കടയുടമ അറസ്റ്റിൽ. ഡൽഹി രോഹിണിയിലെ ബുദ്ധ് വിഹാർ സ്വദേശി നവൽ കുമാർ ഝാ (45) ആണ് അറസ്റ്റിലായത്. കടയിൽ നിന്ന് മടങ്ങിയ വഴി ബൈക്കിലെത്തിയ രണ്ട് പേർ വാഹനം തടഞ്ഞ് നിർത്തിയ ശേഷം കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് ഇയാൾ പരാതി നൽകിയത്.
പേപ്പർ കട്ടർ ഉപയോഗിച്ച് തന്നെ കള്ളന്മാർ ആക്രമിച്ചെന്നും ഇയാൾ പരാതിയിൽ പറയുന്നു. കാഞ്ജവാലയിലെ കടയിൽ കളിപ്പാട്ടങ്ങൾ എത്തിച്ച് നൽകിയപ്പോൾ ഒരുലക്ഷം രൂപ ലഭിച്ചിരുന്നു. പണവുമായി തിരികെ വാഹനത്തിൽ വരുന്നതിനിടെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ തന്നെ ആക്രമിച്ച് വീഴ്ത്തി പണം കവർന്നെന്നുമാണ് പരാതി നൽകിയത്.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരിടത്ത് പോലും നവലിന്റെ ടെമ്പോയെ ബൈക്ക് പിന്തുടരുന്നതായി കാണാൻ സാധിച്ചില്ല. തുടർന്ന് നവലിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെയാണ് വ്യാജപരാതിയുടെ ചുരുളഴിയുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് അത്തരമൊരു പരാതി നൽകിയതെന്ന് നവൽ പോലീസിനോട് വെളിപ്പെടുത്തി.
വാടകവീട്ടിലാണ് നവൽ താമസിച്ചിരുന്നത്. 4500 രൂപയായിരുന്നു വീടിന്റെ വാടക. കഴിഞ്ഞ നാല് മാസമായി ഇയാൾ വീട്ടുടമയ്ക്ക് വാടക നൽകിയിരുന്നില്ല, ഇതിനിടെ ഇൻഷുറൻസ് തുകയടക്കം അടയ്‌ക്കേണ്ടതായി വന്നു. പണമില്ലാതെ വന്നതോടെയാണ് ഇയാൾ വ്യാജപരാതി നൽകാൻ തീരുമാനിക്കുന്നത്.
Discussion about this post