ഗുവാഹത്തി: അസമിൽ ശൈശവ വിവാഹത്തിനെതിരെയുള്ള നടപടികൾ തുടരുന്നു. 2170 പേരെയാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്നും ഇനിയും നിരവധി പേരെ പിടികൂടാനുണ്ടെന്നും അസം ഐജി പ്രശാന്ത കുമാർ ബുയാൻ വ്യക്തമാക്കി. അറസ്റ്റിലായവരിൽ 52 പേർ വിവിധ മത പുരോഹിതരാണ്.
സംസ്ഥാനത്തുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലായി ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4,074 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അസം ഡിജിപി ജിപി സിംഗ് കൂട്ടിച്ചേർത്തു. ധുബ്രി, ബാർപേട്ട, കൊക്രജാർ, വിശ്വനാഥ് ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.പോക്സോ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു
അസമിൽ വ്യാപകമായി ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്താൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ആയിരങ്ങൾ ജയിലിലാവുമെന്നും ശൈശവ വിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post