ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപിന് സമീപത്തായാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 04:17നാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു. 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സർക്കാരിന്റെ ദുരന്തനിവാരണ ഏജൻസിയായ എഎഫ്എഡിയുടെ കണക്കുകൾ പ്രകാരം 7.4 ആണ് ഭൂചലനത്തിന്റെ തീവ്രത. ആദ്യ ഭൂചലനമുണ്ടായി 15 മിനിട്ടുകൾക്ക് ശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സിറിയൻ അതിർത്തിയിലാണ് തുർക്കിയിലെ പ്രധാന വ്യാവസായിക കേന്ദ്രം കൂടിയായ ഗാസിയാൻടെപ്. ലബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. അപകടത്തിൽ മരണം സംഭവിച്ചതായോ ആർക്കെങ്കിലും പരിക്കുകൾ സംഭവിച്ചതായോ തുർക്കിയിൽ നിന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.
Massive #earthquake registered M7.8 hit the middle of Turkey. pic.twitter.com/mdxt53QlQ0
— Asaad Sam Hanna (@AsaadHannaa) February 6, 2023
1999ൽ തുർക്കിയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അന്ന് മരിച്ചത്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.
Discussion about this post