തിരുവനന്തപുരം: മലബാറിലെ ഹിന്ദു വംശഹത്യ പശ്ചാത്തലമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ‘ 1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഏവരും വിജയിപ്പിക്കണമെന്ന് ചിദാനന്ദ പുരി സ്വാമികൾ. ഇത് എല്ലാ രാഷ്ട്ര സ്‌നേഹികളുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ മാപ്പിള ലഹളയുടെ സത്യസന്ധമായ ആവിഷ്‌കാരമാണെന്ന് ചിദാനന്ദ പുരി സ്വാമികൾ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏറ്റെടുക്കപ്പെട്ട ഖിലാഫത് പ്രസ്ഥാനം വളരെ പെട്ടെന്നു തന്നെ ഹിന്ദു വംശീയഹത്യയിലേക്കു വഴിമാറി. മാപ്പിള രാജ്യം സ്ഥാപിക്കുന്ന സ്വപ്നത്തിൽ ആയിരക്കണക്കിനു ഹിന്ദു സഹോദരങ്ങളെ മാപ്പിള കലാപകാരികൾ അരിഞ്ഞുവീഴ്ത്തി. ബലാത്സംഗം ചെയ്യപ്പെട്ട അമ്മമാരും മക്കളുമെത്ര? സർവസ്വവും ഉപേക്ഷിച്ചു പലായനം ചെയ്തവരെത്ര? ജീവിക്കാൻ വേണ്ടി മതം മാറേണ്ടിവന്നവരെത്ര ?. ചെറുത്തുനിന്നു വീരമൃത്യു വരിച്ചവരെത്ര? വിശ്വസിച്ചതിന്റെ പേരിൽ ചതിക്കപ്പെട്ടവരെത്ര?. ഒടുവിൽ ആ ചരിത്രത്തിലെ ഇരുണ്ടഏടിനെ തള്ളിപ്പറയുന്നതിനും പീഡിതരോട് മാപ്പുപറയുന്നതിനും പകരം ആ ദൗർഭാഗ്യകരമായ മനുഷ്യക്കുരുതിയെ സ്വാതന്ത്ര്യസമരമായും കാർഷികലഹളയായും ദുഷിച്ച ജന്മിത്വത്തെനെതിരായ വിപ്ലവമായും കൃതഘ്‌നർ വാഴ്ത്തി! കാലം ചെന്നപ്പോൾ ഭീരുവായ അക്രമി മഹാനും സ്വാതന്ത്ര്യസമരസേനാനിയുമായി! കാലത്താൽ ഉണങ്ങേണ്ട മുറിവുകളെ നൂറു വർഷം പിന്നിടുമ്പോൾ വീണ്ടും വീണ്ടും ആഴത്തിൽ കുത്തി സമാജചേതനയെ വ്രണിതമാക്കാൻ ശ്രമം ആരംഭിച്ചപ്പോൾ ജീവൻ പണയം വെച്ചും ധീരനായ, രാഷ്ട്രസ്‌നേഹിയായ ഒരു സംവിധായകൻ മുന്നോട്ടുവന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ ഒന്നാമത്തെ സിനിമയ്ക്കുതന്നെ ഏറ്റവും നല്ല സംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ, പത്തൊമ്പതോളം സിനിമകളും അനേകം സീരിയലുകളും ഡോകുമെന്ററികളും സംവിധാനം ചെയ്തു കൃതഹസ്തനായ അലി അക്ബർറായിരുന്നു അത്. പണം സാമാന്യ സമൂഹം നൽകി. നിത്യം കൂലിവേലചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ അഞ്ചും പത്തും നൂറും ആയിരവും രൂപകൾ ചേർന്നപ്പോൾ തീർത്തും ജനകീയ അടിത്തറയിൽ സിനിമ തയ്യാറാവുമെന്നായി. സത്യസന്ധമായി ചരിത്രഗ്രന്ഥങ്ങൾ പരിശോധിച്ചു തിരക്കഥ തയ്യാറാക്കി. ചിത്രീകരണം ആരംഭിച്ചു. എതിർപ്പുകളേറെ വന്നു. ചരിത്രസത്യം വെളിപ്പെടുത്തണമെന്നാഗ്രഹിച്ച വലിയ ഒരു സമൂഹം കൂടെ നിന്നു. ധീരമായി സത്യം വിളിച്ചുപറയുന്ന സിനിമ തയ്യാറായി. അതാർക്കും എതിരല്ല, സത്യപ്രഖ്യാപനം മാത്രമാണ്. കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാന്മാരായ മനുഷ്യസ്‌നേഹികളുടെ മഹിമ വിളിച്ചോതുന്ന യഥാർത്ഥ ചരിത്രം. മതവൈകാരികത രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഉപയോഗിച്ചാലുണ്ടാവുന്ന അനർത്ഥത്തെ വിളിച്ചോതുന്ന ഗാഥ. അതിനിടെ, അലി അക്ബർ രാമസിംഹനായി ! അധികാരത്തിന്റെ അകത്തളങ്ങളിലെ കളികളും ചതികളും കുറെ താമസിപ്പിച്ചു . എന്നാലിതാ സത്യം തന്നെ ജയിക്കുന്നു . തടസ്സങ്ങളെ കടന്നു ഈ ചരിത്ര സിനിമ തീയ്യേറ്ററുകളിലെത്തുന്നു. ഇതിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്, എല്ലാ രാഷ്ട്രസ്‌നേഹികളുടെയും ഉത്തരവാദിത്തം. എപ്പോഴും സ്‌നേഹത്തോടെ അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.












