ചെന്നൈ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഭാനുപ്രിയ. അഴകൊത്ത ശരീര മിഴിവും, സുന്ദരമായ കണ്ണുകളും ഭാനുപ്രിയയെ വ്യത്യസ്തമാക്കി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലെല്ലാം തിളങ്ങിയ താരമാണ് ഭാനുപ്രിയ . എന്നാൽ കുറച്ചുകാലമായി അഭിനയ രംഗത്ത് ഭാനുപ്രിയ അത്ര സജീവമല്ല.
എൺപതുകളിൽ നിരവധി ഭാഷകളിൽ അമ്മ വേഷങ്ങളിലാണ് ഭാനുപ്രിയയെ കണ്ടിട്ടുള്ളത്. എന്നാൽ ഒരു തെലുങ്ക് യുട്യൂബ് ചാനലിന് നടി നൽകിയയ അഭിമുഖം ഇപ്പോൾ വൈറലാവുകയാണ്. വർഷത്തിൽ രണ്ടോ മൂന്നോ സിനിമകൾ മാത്രമാണ് താൻ അഭിനയിക്കുന്നതെന്ന് നടി തുറന്നു പറയുന്നു. തനിക്ക് ഓർമ്മക്കുറവ് ഉണ്ടെന്നും, ഇത് കാരണം ഡയലോഗുകൾ മറന്നുപോകുന്നുവെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ഭർത്താവ് ആദർശ് കൌശലിൻറെ മരണത്തോടെയാണ് താൻ മാനസികമായി തളർന്നുപോയതെന്ന് ഭാനുപ്രിയ പറയുന്നു.“എനിക്ക് ഈയിടെയായി സുഖമില്ല. ഓർമ്മ ശക്തി കുറയുന്നു. പഠിച്ച ചില ഇനങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല,’ ഭാനുപ്രിയ വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഭാനുപ്രിയ പറഞ്ഞു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വെച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും താൻ മറക്കുകയാണെന്നും വ്യക്തമാക്കി.സില നേരങ്ങളിൽ സില മണിധർഗൾ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ ആണ് ഓർമ്മക്കുറവ് തന്നെ കാര്യമായി ബാധിച്ചതായി താൻ തിരിച്ചറിഞ്ഞത്. ആക്ഷൻ എന്ന് പറഞ്ഞപ്പോൾ ലൊക്കേഷനിൽ കയറി ഡയലോഗു പറയാൻ താൻ മറന്നു. അതേ സമയം തനിക്ക് ആൻക്സൈറ്റിയോ വിഷാദമോ ഇല്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി.
സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഭർത്താവിൻറെ മരണം മാനസികമായി വലിയ ആഘാതമാണ് നൽകിയത്. ഇതേ തുടർന്ന് തന്റെ ആരോഗ്യനില മോശമായി, ഇപ്പോൾ എല്ലാ കാര്യങ്ങളിലും തനിക്ക് ഓർമക്കുറവുണ്ടെന്നും ഭാനുപ്രിയ പറയുന്നു.
അതിനിടയ്ക്ക് ഭർത്താവുമായി പിരിഞ്ഞുകഴിയുകയാണെന്ന കിംവദന്തികളും നടിക്കെതിരെ ഉയർന്നിരുന്നു. ഇക്കാര്യവും ഭാനുപ്രിയ അഭിമുഖത്തിൽ നിഷേധിച്ചു. ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്തകൾ ശരിയല്ല. അദ്ദേഹം ഹൈദരബാദിലും താൻ ചെന്നൈയിലുമായിരുന്നു കഴിഞ്ഞത്. ഹൈദരബാദിൽ നിന്നും ചെന്നൈയിലേക്കുള്ള സ്ഥിരം യാത്ര പ്രയാസമായതിനാലാണ് ചെന്നൈയിൽ താമസമാക്കിയത്. 1998-ലായിരുന്നു ആദര്‍ശ് കൗശലിനെ ഭാനുപ്രിയ വിവാഹം ചെയ്യുന്നത്. 2018-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് കൗശല്‍ അന്തരിച്ചു.
Discussion about this post