കാഴ്ചയുണ്ടെന്ന് വിചാരിച്ച് നടക്കുന്ന നമ്മൾ എല്ലാം കാണുന്നുണ്ടോ? മനുഷ്യബന്ധങ്ങളെ മനസിലാക്കുനുണ്ടോ, മതത്തിന്റെ പേരിൽ ഉള്ള തമ്മിലടികൾ കണ്ടില്ലെന്ന് നടിക്കുന്നുണ്ടോ, മുന്നിൽ നടക്കുന്ന ക്രൂരതകൾ കണ്ടിട്ടും കാണാതെ പോകുന്നുണ്ടോ, അങ്ങനെ ഉള്ള നമുക്ക് എന്തിനാണ് കാഴ്ച്ച. നമ്മുടെ ഉള്ളിലെ വിദ്വേഷവും വർഗീയതയും ഒരു തരം അന്ധതയാണ്. അത് നമ്മെ സത്യം കാണുന്നതിൽ നിന്ന് തടയുന്നു. ‘ഗുരു’ എന്ന മോഹൻലാൽ സിനിമ ഈ ആത്മീയ അന്ധതയെയാണ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. മലയാളത്തിലെ വിഖ്യാത സംവിധായകൻ രാജീവ് അഞ്ചൽ ആണ് ‘ഗുരു’ സംവിധാനം ചെയ്തത്.
സിനിമയിറങ്ങിയ സമയത്ത് അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല പിന്നീട് ഈ ചിത്രം ആളുകൾ ഏറ്റെടുത്തു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി (Best Foreign Language Film category) തിരഞ്ഞെടുക്കപ്പെട്ടത് ‘ഗുരു’ ആണ്. ലോകനിലവാരത്തിലുള്ള മേക്കിംഗും ഗൗരവമേറിയ പ്രമേയവുമാണ് ചിത്രത്തെ ഈ നേട്ടത്തിന് അർഹമാക്കിയത്.
കഥ തുടങ്ങുന്നത് വർഗീയ ലഹള പടർന്നുപിടിച്ച ഒരു ഗ്രാമത്തിലാണ്. അവിടെ അക്രമങ്ങളിൽ പങ്കെടുത്ത രഘുരാമൻ (മോഹൻലാൽ) എന്ന യുവാവ്, ശത്രുക്കളെ കൊല്ലാനായി ഒരു ആശ്രമത്തിലെത്തുന്നു. അവിടെ വെച്ച് അയാൾക്ക് പല അസാധാരണ അനുഭവങ്ങളും ഉണ്ടാകുന്നു. അവിടെ താമസിക്കുന്ന സിതാര അവതരിപ്പിച്ച വൈദേഹി എന്ന കഥാപാത്രം നിർബന്ധിച്ച പ്രകാരം കുറച്ച് നേരം ധ്യാനിക്കുന്നു. ശേഷം കാണിക്കുന്നത് അയാൾ എത്തിച്ചേരുന്ന അന്ധതയുടെ താഴ്വരയാണ്.
അവിടെയുള്ള മനുഷ്യർക്കെല്ലാം ജനിക്കുമ്പോഴേ കാഴ്ചയില്ല! അത് ഒരു ശാപമാണെന്നോ അസുഖമാണെന്നോ അവർക്കറിയില്ല. പകരം, കാഴ്ച എന്നത് ഒരു നുണയാണെന്നും അത് ചെകുത്താൻ ഉണ്ടാക്കിയ കഥയാണെന്നുമാണ് അവർ വിശ്വസിക്കുന്നത്. അവിടെ ഉള്ള ആളുകൾ ജനിക്കുമ്പോൾ “ഇലാമപ്പഴം” എന്നൊരു പ്രത്യേക ഫലം കഴിക്കും. ഈ പഴം കഴിക്കുന്നതിലൂടെയാണ് അവർക്ക് കാഴ്ച നഷ്ടപ്പെടുന്നത് എന്ന് രഘുരാമൻ തിരിച്ചറിയുന്നു. ശേഷം അയാൾ ആ നാട്ടിൽ കൊണ്ടുവരുന്ന മാറ്റങ്ങളും പിന്നെ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമ മനോഹരമായി പറയുന്നത്.
കാലം തെറ്റിയ സിനിമ എന്നതിനെക്കാൾ എല്ലാ കാലത്തും പ്രസക്തമായ സിനിമ എന്ന് ഇതിനെ വിളിക്കാനാണ് എനിക്ക് ഇഷ്ടം. ഇന്നും നമ്മുടെ ഇടയിലൊക്കെ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ഈ സിനിമ വരച്ചു കാണിക്കുന്നത്. രഘുരാമൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ ഇതിൽ ക്രോധം, ഭയം, ജ്ഞാനം എന്നീ വിവിധ ഭാവങ്ങൾ അദ്ദേഹം അവിസ്മരണീയമാക്കി. ഒരു മോഹൻലാൽ മാജിക്ക് തന്നെയാണ് ഈ ചിത്രം…..













Discussion about this post