ലക്‌നൗ: വികസനത്തിന്റെ പാതയിൽ അതിവേഗം കുതിച്ച് ഉത്തർപ്രദേശ്. ആഗ്രാ മെട്രോ പ്രൊജക്ടിന്റെ ഭാഗമായുള്ള മെട്രോ ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. മൂന്ന് അണ്ടർഗ്രൗണ്ട് സ്‌റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടണലാണ് ഇത്.
ആഗ്രയിലെ രാംലീല മൈതാനിയിൽ നിന്ന് തുടങ്ങുന്ന ടണലിന് രണ്ട് അറ്റങ്ങളാണ് ഉള്ളത്. ടണലിന്റെ ഒരറ്റം അവസാനിക്കുന്നത് ജാമിയ മസ്ജിദിലും, മറ്റേ അറ്റം താജ് മഹൽ വെസ്റ്റ് ഗേറ്റിലുമാണ് അവസാനിക്കുന്നത്. ഉത്തർപ്രദേശിന്റെ അടിസ്ഥാന വികസനത്തിൽ ഏറ്റവും നിർണായകമായ പദ്ധതിയാണ് ആഗ്ര മെട്രോ റെയിൽ പ്രൊജക്ട്. 8,379 കോടി രൂപയാണ് പദ്ധതിയ്ക്കായി സർക്കാർ ചിലവഴിക്കുന്നത്.
ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാകും നിർമ്മാണ പ്രവർത്തനങ്ങൾ. പരിസ്ഥിതിയ്ക്ക് യാതൊരു ദോഷവും വരില്ലെന്ന് ഉറപ്പ് നൽകുന്നു. ഈ വർഷം അവസാനിക്കുമ്പോഴേക്കും തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനത്തിന് പിന്നാലെ ആഗ്രയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളും വിലയിരുത്തി.
Discussion about this post