മുംബൈ: മുംബൈയിൽ വീണ്ടും ഭീകരാക്രമണ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മഗരത്തിൽ സുരക്ഷ ശക്തമാക്കി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്തുമെന്നാണ് ഭീഷണി.
ഉച്ചയോടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ത്യൻ മുജാഹിദ്ദീന്റെ പേരിലാണ് ഭീഷണി വന്നിരിക്കുന്നത്. ഇന്ത്യൻ മുജാഹിദ്ദീൻ അംഗമാണെന്ന് പറഞ്ഞ് പോലീസിനെ ഫോൺ ചെയ്തയാൾ വരും മണിക്കൂറുകളിൽ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. യാത്രക്കാരെയും കർശനമായി പരിശോധിക്കുന്നുണ്ട്. ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
ഈ ആഴ്ചയിൽ ഇത് രണ്ടാമത്തെ ഭീഷണി സന്ദേശമാണ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post