ഇടുക്കി: വണ്ടൻമേട് പച്ചക്കറിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയതിന് രണ്ടുപേർ അറസ്റ്റിൽ.കമ്പം സ്വദേശിയായ ചുരുളി ചാമി , വാഹനത്തിൽ ഇയാൾക്ക് കൈമാറാനായി കഞ്ചാവെത്തിച്ച മുരിക്കാശ്ശേരി മേലെചിന്നാർ പാറയിൽ വീട്ടിൽ ജോച്ചൻ മൈക്കിൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡാൻസാഫ് ടീമും വണ്ടൻമേട് പോലീസും ചേർന്നു നടത്തിയ നീക്കത്തിലൂടെയാണ് ഇരുവരും പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന പച്ചക്കറി കടയിലെത്തിയാണ് ഇരുവരെയും വലയിലാക്കിയത്.
റിസോർട്ടിലേക്ക് ആവശ്യത്തിനെന്ന പേരിൽ നാലു കിലോ കഞ്ചാവ് ആവശ്യപ്പെട്ട് ഡാൻസാഫ് അംഗങ്ങൾ ചുരുളിചാമിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടു. ജോച്ചൻ കഞ്ചാവുമായി എത്തുകയുമായിരുന്നു. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ചുരുളി ചാമിയുടെ കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ. പിടിയിലായ ചിന്നാർ സ്വദേശി ജോച്ചൻ ന്യൂസിലാൻഡിലേക്ക് കുടിയേറാനുള്ള പണത്തിനായാണ് കഞ്ചാവ് വിൽപന നടത്തിയതെന്നാണ് വിവരം.മദ്യപിക്കുകയോ പുകവലിക്കുകയോ ഒരുതരത്തിലുമുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കാത്തയാളാണ് ജോച്ചൻ. ന്യൂസിലാൻഡിലേക്കു പോകുന്നതിനുള്ള ഇയാളുടെ വിസാ നടപടികൾ ഉടൻ ആരംഭിക്കാനിരിക്കെയാണ് കഞ്ചാവുമായി പിടിയിലായത്.
Discussion about this post