ഇസ്താംബൂൾ: തുർക്കിയിലെ കഹറാമൻമറാഷിൽ നിന്ന് രക്ഷപെട്ടവരിൽ രണ്ട് മലയാളികളും. ഭൂകമ്പത്തിന് മുന്നോടിയായി മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. ഇത് കേട്ട് പുറത്തേക്കിറങ്ങിയതാണ് വിദ്യാർത്ഥികളായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ഭൂകമ്പമേഖലയിൽ സൗജന്യ വിമാന സർവീസുണ്ട്. ഇസ്താംബൂളിലെ ഗവേഷണ വിദ്യാർത്ഥിയും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് അസീറിന്റെ അടുത്തേക്ക് ഇരുവരും വൈകാതെ എത്തും. ഭൂകമ്പം നേരിടാൻ തുർക്കി തയ്യാറെടുത്തിരുന്നതായി അസീർ പറയുന്നു. ഇതിന്റെ ഭാഗമായി ഡിസംബറിൽ മോക്ഡ്രില്ലുകളും സംഘടിപ്പിച്ചിരുന്നു.
ഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ട്. തുർക്കിയിൽ ബിസിനസ് സന്ദർശനത്തിനെത്തിയ ഇന്ത്യക്കാരനെയാണ് കാണാതായത്. 10 ഇന്ത്യക്കാർ മേഖലയിൽ കുടുങ്ങിയിട്ടുണ്ടെന്നും, ഇവർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തുർക്കിയിൽ ആകെ 3000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
ഓപ്പറേഷൻ ദോസ്ത് എന്ന പേരില്ഡ ഇന്ത്യ സിറിയയിലേക്ക് മരുന്നുകളും തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരേയും അയച്ചിട്ടുണ്ട്. തുർക്കിയിലെ ഇസ്താംബൂളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം ആറ് ടൺ വസ്തുക്കൾ ഇന്നലെ സിറിയയിലെത്തിച്ചിട്ടുണ്ട്. റോഡുകൾ തകർന്നതും മേഖലയിലെ അതിശൈത്യവുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. അതേസമയം അപകടത്തിൽ ഇതുവരെ 15,000ത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Discussion about this post