ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ വൻ ഭൂകമ്പത്തിൽ ഇതുവരെ 18000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ശക്തമായ ഭൂചലനത്തിൽ മേഖലയിലുണ്ടായിരുന്ന ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകർന്ന് വീണത്. പലയിടങ്ങളിലും വലിയ കോൺക്രീറ്റ് കൂനകൾ മാത്രമാണ് ഇപ്പോൾ കാണാനുള്ളത്. ഇവിടങ്ങളില്ലെലാം ഇപ്പോൾ രാപകലില്ലാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തെക്കൻ നഗരമായ അന്റാക്യയിലും കഹ്‌റാമൻമരസിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. ഇപ്പോൾ തുർക്കിയിൽ ഭൂകമ്പത്തിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ചിത്രത്തിൽ കാണുന്ന ഭൂരിഭാഗം കെട്ടിടങ്ങളും രണ്ടാമത്തെ ചിത്രത്തിൽ തകർന്നടിഞ്ഞ് കിടക്കുന്നതായി വ്യക്തമാണ്. ദുരിതാശ്വാസ സഹായമായി തുറസ്സായ സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന നൂറ് കണക്കിന് ക്യാമ്പുകളും പലയിടങ്ങളിൽ നിന്നായി എടുത്ത ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
ഭൂകമ്പം രണ്ടര കോടി ആളുകളെ ബാധിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതിൽ പതിനഞ്ചു ലക്ഷത്തോളം പേർ കുട്ടികളാണ്. പലയിടത്തും റോഡുകളടക്കം രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ സഹായം ഇരുരാജ്യങ്ങളിലും എത്തിച്ച് തുടങ്ങി. അമേരിക്കയും രണ്ട് രാജ്യങ്ങൾക്കും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post