നാഗ്പൂർ: ഇന്ത്യ ഒരുക്കിയ സ്പിൻ കെണിയിൽ വീണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ഓസീസ് ബാറ്റിംഗ് നിര. കരിയറിലെ പതിനൊന്നാം 5 വിക്കറ്റ് പ്രകടനവുമായി രവീന്ദ്ര ജഡേജ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ, ചായക്ക് ശേഷമുള്ള നാലാം ഓവറിൽ 177 റൺസിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിന് തിരശീല വീണു. 3 വിക്കറ്റ് വീഴ്ത്തിയ അശ്വിനും ഓസീസിനെ ചുരുട്ടി കൂട്ടുന്നതിൽ തന്റേതായ പങ്ക് വഹിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ പാറ്റ് കമ്മിൻസിന്റെ തീരുമാനത്തെ ഓസ്ട്രേലിയക്ക് ഒരിക്കലും പഴിക്കാനാവില്ല. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ സ്പിന്നിനെ അതിരു വിട്ട് തുണയ്ക്കുന്ന വിക്കറ്റിൽ മറിച്ചൊരു തീരുമാനം ആത്മഹത്യാപരമായിരിക്കും. പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര നാട്ടിലെ കാണികൾക്ക് മുന്നിൽ ചെറിയ സ്കോർ മറികടക്കാൻ കച്ച മുറുക്കുമ്പോൾ, ഓസീസ് സ്പിന്നർമാരുടെ പ്രകടനവും നിർണായകമാകും.
ആദ്യ സെഷനിൽ ഇന്ത്യൻ സീമർമാർക്ക് മുന്നിൽ ചൂളിയ ഓസീസിനെ രണ്ടും മൂന്നും സെഷനുകളിൽ സ്പിൻ ആക്രമണത്തിലൂടെ ഇന്ത്യ മെരുക്കുകയായിരുന്നു. ഓപ്പണർമാരായ ഉസ്മാൻ ഖവാജയെ സിറാജ് എൽ ബി ആക്കിയപ്പോൾ വാർണറെ ഷമി ക്ലീൻ ബൗൾ ചെയ്തു. 2 റൺസിന് 2 വിക്കറ്റ് നഷ്ടമായ സന്ദർശകരെ പിന്നീട് മുൻ ക്യാപ്ടൻ സ്റ്റീവൻ സ്മിത്തും മാർനസ് ലബൂഷെയ്നും ചേർന്ന് കരകയറ്റിയപ്പോൾ, കാര്യമായ പരിക്കില്ലാതെ ഉച്ചഭക്ഷണത്തിന് പിരിയാൻ ഓസീസിനായി.
എന്നാൽ ലഞ്ചിന് ശേഷം രവീന്ദ്ര ജഡേജയുടെ മാന്ത്രിക സ്പിൻ ബൗളിംഗിനാണ് കങ്കാരുക്കൾ ഇരയായത്. കണ്ണടച്ച് തുറക്കും മുൻപ് ലബൂഷെയ്നെയും മാറ്റ് റെൻഷായെയും സ്മിത്തിനെയും ജഡേജ മടക്കി. 49 റൺസെടുത്ത ലബൂഷെയ്നെ വിക്കറ്റ് കീപ്പർ കെ എസ് ഭരത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ റെൻഷായെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ഹാൻഡ്സ്കോമ്പിനൊപ്പം ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിച്ച സ്മിത്തിനെ മനോഹരമായ ഒരു പന്തിലൂടെ ജഡേജ ബൗൾഡാക്കി. 37 റൺസുമായി സ്മിത്ത് മടങ്ങി.
തുടർന്ന് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കേയ്രിയെ അശ്വിൻ ട്രേഡ് മാർക്ക് ബോളിലൂടെ ബൗൾഡാക്കി. 33 പന്തിൽ 36 റൺസായിരുന്നു കേയ്രിയുടെ സംഭാവന.
പിന്നീട് എല്ലാം നേർച്ച പോലെയായിരുന്നു. 31 റൺസെടുത്ത ഹാൻഡ്സ്കോമ്പിനെയും റണ്ണൊന്നുമെടുക്കാതെ മർഫിയെയും ജഡേജ മടക്കി. ലിയോണിനെയും കമ്മിൻസിനെയും അശ്വിനും മടക്കിയതോടെ, ഓസീസ് പോരാട്ടം അവസാനിച്ചു.









Discussion about this post