മൂവാറ്റുപുഴ: 130ഓളം തെരുവുനായ്ക്കളെ വിഷം നൽകി കൊന്നുവെന്ന കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി. ഓട്ടോ തൊഴിലാളിയായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. നായ്ക്കളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ദൃക്സാക്ഷികൾ ഉൾപ്പെടെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി വെറുതെവിട്ടത്.ജഡ്ജി ബീന വേണുഗോപാലാണ് വിധി പ്രസ്താവിച്ചത്.
2015ലായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണകാരികളായ തെരുവുനായ്ക്കൾ ടൗണിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാരെ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നു. ഇതിനിടെയാണ് മൂവാറ്റുപുഴയിൽ വ്യാപകമായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഗവ. സ്ഥാപനമായ എ.ഡബ്ല്യു.ബി.ഐ, മൂവാറ്റുപുഴ ദയ എന്നി സംഘടനകൾ ഷാജിക്കെതിരെ എസ്.പിക്ക് പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഷാജിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ വിടുകയുമായിരുന്നു.
Discussion about this post