ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 20,000 കടന്നു. ദുരന്തത്തെ അതിജീവിച്ചവർക്കും ജീവൻ നഷ്ടമായേക്കാമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. സിറിയയിലെ വിമത മേഖലകളിലേക്ക് യുഎന്നിന്റെ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. ഭൂകമ്പത്തിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടർച്ചയായ അഞ്ചാം ദിവസവും തുടർന്ന് കൊണ്ടിരിക്കുകയാണ്.
അതിശൈത്യവും മഴയുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഇനിയുള്ളതെന്നും വിലയിരുത്തലുണ്ട്. അപകടം നടന്ന് 72 മണിക്കൂർ പിന്നിട്ടതോടെയാണ് അപകടത്തിൽ കുടുങ്ങി കിടക്കുന്നവരെ ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത കുറഞ്ഞതെന്നും വിദഗ്ധർ പറയുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താൻ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സംഘം മേഖലയിൽ തുടരുന്നുണ്ട്.
തുർക്കിയിൽ ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം ചേർന്ന് രക്ഷാദൗത്യം വേഗത്തിലാക്കാൻ 51 പേരെ കൂടി ഇന്നലെ ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു. ഡോക്ടർമാരും, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പമുണ്ട്. ഭൂകമ്പം കൂടുതൽ ബാധിച്ച മേഖലകളിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. രണ്ടാഴ്ചയോളം എൻഡിആർഎഫ് സംഘം തുർക്കിയിൽ തുടരുമെന്നും അതുൽ അഗർവാൾ അറിയിച്ചു.
Discussion about this post