ഐഎസ്ആർഒയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) രണ്ടാമത്തെ പരീക്ഷണ വിക്ഷേപണം ഇന്ന് നടക്കും. രാവിലെ 9:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിക്കും. മൂന്ന് ഉപഗ്രഹങ്ങളുമായിട്ടാണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് കുതിച്ചുയരുന്നത്.
ഐഎസ്ആർഒയുടെ ഇഒഎസ്-07, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരിസിന്റെ ജാനസ്-1, ചെന്നൈ ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സിന്റെ ആസാദിസാറ്റ്-2 എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. എസ്എസ്എൽവിയുടെ ആദ്യ പരീക്ഷണം കഴിഞ്ഞ ഓഗസ്റ്റ് 7ന് നടത്തിയെങ്കിലും ഇത് പരാജയമായിരുന്നു. അതുകൊണ്ട് തന്നെ വിശദമായ പരിശോധനകൾക്കൊടുവിലാണ് ഇക്കുറി റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചിരിക്കുന്നത്. വിക്ഷേപണം നടത്തി 15 മിനിട്ടിനുള്ളിൽ ഉപഗ്രങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
34 മീറ്റർ ഉയരവും 2 മീറ്റർ വ്യാസവുമുള്ള 120 ടൺ ഭാരവുമാണ് റോക്കറ്റിനുള്ളത്. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വഹിക്കാൻ റോക്കറ്റിനാകും. 156.3 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ഇഒഎസ്-07. പൂർണമായും ഐഎസ്ആർഒ തന്നെയാണ് ഇത് രൂപകൽപന ചെയ്ത് വികസിപ്പിച്ചത്. 10.2 കിലോഗ്രാം ഭാരമാണ് ജാനസ്-1നുള്ളത്. 8.7 കിലോഗ്രാം ഭാരമാണ് ആസാദിസാറ്റ്-2 വിനുള്ളത്. റോക്കറ്റിൽ നിന്ന് വേർപെട്ടപ്പോൾ ഉണ്ടായ പ്രശ്‌നങ്ങളാണ് ആദ്യ പരീക്ഷണം പരാജയപ്പെടാൻ കാരണമായത്. ഇക്കുറി ഇത്തരം പിഴവുകൾ വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഐഎസ്ആർഒ സ്വീകരിച്ചിട്ടുണ്ട്.
Discussion about this post