അസം: ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള നടപടി ശക്തമാക്കി അസം സർക്കാർ. സംസ്ഥാനത്താകെ 2763 പേരെയാണ് അസം പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4135 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹോജായിയിൽ 216, നാഗോണിൽ 184, ധുബ്രിയിൽ 183, ബക്‌സയിൽ 158, ബാർപേട്ടയിൽ 146, ബിശ്വനാഥിൽ 140, മോറിഗാവിൽ 128, ബോംഗൈഗാവിൽ 121, ഹയിലകാൻഡി 118, കൊക്രജാറിൽ 108, കരിംഗഞ്ചിൽ 107, കാംരൂപിൽ 102 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. ശൈശവ വിവാഹത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി പുനരധിവാസ നയം രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പെൺകുട്ടികൾക്ക് പുറമെ അറസ്റ്റിലായ ഭർത്താക്കന്മാർക്ക് വേണ്ടിയും പ്രത്യേക നയം രൂപീകരിക്കുമെന്നാണ് വിവരം. ഇതിനായി അസം സർക്കാർ മൂന്നംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ ഡോ റനോജ് പെഗു, കേശബ് മഹന്ത, അജന്ത നിയോഗ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും സർക്കാർ തുടർ നടപടികൾ സ്വീകരിക്കുന്നത്.
15 ദിവസത്തിനുള്ളിൽ പുനരധിവാസ നയം രൂപീകരിക്കാനാണ് നിർദ്ദേശം. ശൈശവ വിവാഹത്തിനെതിരെ അസം പോലീസ് നടത്തുന്ന പ്രചാരണങ്ങളേയും മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന കൗമാര ഗർഭധാരണത്തിനെതിരെ നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്.
Discussion about this post