മധുരം ഇഷ്ടമില്ലാത്ത ആളുകളുണ്ടോ. പ്രത്യേകിച്ച്, ഭക്ഷണമൊക്കെ കഴിച്ച് വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഇനി ഒരല്‍പ്പം മധുരം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ. ഭക്ഷണശേഷം സ്വാഭാവികമായി എല്ലാവര്‍ക്കും ഉണ്ടാകുന്ന തോന്നലാണിത്, ഇതിന് പിന്നില്‍ എന്തെങ്കിലുമൊരു കാരണമുണ്ടായിരിക്കുമല്ലോ, നമുക്ക് പരിശോധിക്കാം.
ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്ത, എന്നാല്‍ ദോഷങ്ങള്‍ ഏറെയുണ്ടാക്കുന്ന പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് പരാമവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ എപ്പോഴും പറയുന്ന കാര്യമാണ്. എന്നാല്‍ പ്രായഭേദമന്യേ, ലോകത്തിന്റെ എല്ലായിടങ്ങളിലും ഉള്ള ആളുകള്‍ക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ എന്തെങ്കിലും മധുരം കഴിക്കുന്ന ഒരു ശീലം പൊതുവേ കാണാറുണ്ട്, ആഹാരത്തിന്റെ അവസാനം മധുരത്തിലായിരിക്കണമെന്ന വിചാരം നിങ്ങള്‍ക്ക് മാത്രമല്ല എന്നര്‍ത്ഥം.
പെട്ടെന്ന് ഊർജ്ജം
ഇതിന് പിന്നിലെ കാരണമിതാണ്. ഭക്ഷണശേഷം ശരീരത്തിന്റെ പ്രധാനജോലി ദഹനമാണ്. വളരെ ഊര്‍ജ്ജം ആവശ്യമായ പ്രവര്‍ത്തനമാണിത്. ഇങ്ങനെ ഒരുപാട് ഊര്‍ജ്ജം നഷ്ടപ്പെടുമെന്നതിനാല്‍ ശരീരം അല്‍പ്പമധികം ഊര്‍ജ്ജം ആഗ്രഹിക്കുന്നു, അതും പെട്ടെന്ന്. മധുര പലഹാരങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജം വളരെ പെട്ടെന്ന് ശരീരത്തിന് ലഭ്യമാകും. അതിനാലാണ് മധുരം കഴിക്കണമെന്ന തോന്നല്‍ നമ്മളിലുണ്ടാകുന്നത്.
എന്തുചെയ്യാം ശീലമായിപ്പോയി
അതേസമയം മിക്ക സന്ദര്‍ഭങ്ങളിലും ശാരീരികമായ കാരണങ്ങള്‍ മാത്രമല്ല, മാനസികമായ തോന്നലുകളും ഇത്തരം മധുരാഗ്രഹങ്ങള്‍ക്ക് പിന്നിലുണ്ട്. ഭക്ഷണം കഴിച്ചാല്‍ എന്തെങ്കിലും മധുരം കഴിക്കണമെന്നത് ശീലമായിപ്പോയവരുണ്ട്. പഞ്ചസാരയും കൊഴുപ്പും അധികമായുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ തലച്ചോറില്‍ ചില ന്യൂറോകെമിക്കല്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും അതുമൂലം മധുരപലഹാരങ്ങള്‍ കഴിക്കാനുള്ള തോന്നല്‍ സ്ഥിരമാകുകയും ചെയ്യും.
മധുരം കഴിക്കുന്നത് സന്തോഷമാണേ..
മൂഡുമായി ബന്ധപ്പെട്ട് കിടക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാ സെറോട്ടാണിന്‍ അധികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കൊണ്ടും ഭക്ഷണം കഴിച്ചാല്‍ മധുരം കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകാം. മധുരമുള്ള ഭക്ഷണങ്ങള്‍ സെറോട്ടോണിന്‍ അമിതമായി ഉല്‍പ്പാദിപ്പിക്കുകയും ഇത് ആളുകളില്‍ സന്തോഷത്തിന്റെയോ സമാധാനത്തിന്റെയും സംതൃപ്തിയുടെയോ പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു. സങ്കടം വരുമ്പോഴൊക്കെ ചിലര്‍ മധുരം കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ, അത് ഇതുകൊണ്ടാണ്.
പഞ്ചസാരയുടെ ബാലൻസ് തെറ്റി, അൽപ്പം മധുരം തരൂ
ഭക്ഷണശേഷം രക്തത്തില്‍ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും മധുരം കഴിക്കാനുള്ള ആഗ്രഹമുണ്ടാക്കാം. സന്തുലിതമായ ആഹാരം കഴിക്കാത്തവരില്‍ അല്ലെങ്കില്‍ കൂടുതലായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ഭക്ഷണശേഷം രക്തത്തില്‍ ഒറ്റയടിക്ക് പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. പക്ഷേ വളരെ പെട്ടെന്ന് തന്നെ ഇത് താഴുകയും ചെയ്യുന്നു. ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന ഈ കുറവ് മറികടക്കാന്‍ മധുരം കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നു.
ഉപ്പ് കഴിച്ചാൽ മധുരം നിർബന്ധാ..
ഇനി ഉപ്പേറിയ ഭക്ഷണങ്ങളാണ് കഴിക്കുന്നതെങ്കില്‍ അതിനെ ബാലന്‍സ് ചെയ്യാനും ശരീരം മധുരത്തിനായി ആഗ്രഹിച്ചേക്കാം. ബോധപൂര്‍വ്വം ഭക്ഷണത്തില്‍ നിന്ന് മധുരങ്ങള്‍ ഒഴിവാക്കുന്നത് മധുരത്തോടുള്ള ആഗ്രഹം വര്‍ധിപ്പിക്കും. അതിനാല്‍ ചെറിയ തോതില്‍ മധുരത്തിന്റെ അളവ നിയന്ത്രിച്ച് നിര്‍ത്തുന്നതാണ് നല്ലത്.
മധുരം ഉപേക്ഷിക്കേണ്ട പകരക്കാരുണ്ട്..
റിഫൈന്‍ ചെയ്ത, കെമിക്കലുകള്‍ അടങ്ങിയ പഞ്ചസാര ഉപയോഗിച്ചുള്ള മധുരം കഴിക്കുന്നതിന് പകരം പോഷകസമ്പുഷ്ടമായ, പഞ്ചസാരയുടെ സ്വാഭാവിക സ്രോതസ്സുകളായ പഴങ്ങള്‍, ഉണക്കിയ പഴങ്ങള്‍, ശര്‍ക്കര, തേന്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഡയറ്റ് എടുക്കുന്നവര്‍ക്കും ചില മധുരങ്ങള്‍ ഉപയോഗിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിണമെന്നല്ല ഡയറ്റിലൂടെ ഉദ്ദേശിക്കുന്നത്. മതിയായ ഊര്‍ജ്ജം ലഭിക്കുന്നില്ലെങ്കില്‍ പെട്ടെന്ന് ലഭ്യമാകുന്ന ഊര്‍ജ്ജസ്രോതസ്സ് എന്ന നിലയില്‍ ശരീരം മധുരത്തിനായി ആഗ്രഹിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ആരോഗ്യത്തിന് കേടുണ്ടാക്കാത്ത മധുരങ്ങള്‍ കഴിക്കാം.
Discussion about this post