കാബൂൾ: ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിയിലേക്ക് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സന്നദ്ധപ്രവർത്തകരുടെ ഒഴുക്കാണ്. ഓപ്പേറഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യയും ദുരന്തമുഖത്ത് സേവനരംഗത്തുണ്ട്. ഏഴോളം വിമാനങ്ങളിലായി ഇന്ത്യൻ രക്ഷാപ്രവർത്തകർ തുർക്കിയിലെത്തിയിട്ടുണ്ട്. ഇന്ത്യയെ പോലെ മറ്റ് രാജ്യങ്ങളും ദുരന്തമുഖത്ത് സഹായവുമായി എത്തുന്നുണ്ട്.
താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും രക്ഷപ്രവർത്തകരെ തുർക്കിയിലേക്ക് അയക്കുന്നുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നാണ് രക്ഷാപ്രവർത്തകർ തിരിക്കുന്നത്. എന്നാലിപ്പോൾ അവിടെ വൻ തിരക്ക് ആണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ട്. നിരവധി അഫ്ഗാൻ പൗരന്മാരാണ് നഗ്നപാദരായി മൈലുകൾ താണ്ടി കാബൂളിലെത്തിയിരിക്കുന്നത്.
തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക വിമാനത്തിൽ ആളെ കൊണ്ടുപോകുന്നുവെന്ന് കേട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങൾ എത്തിയത്. ഏത് വിധേനെയെങ്കിലും രാജ്യം വിടണമെന്ന ഉദ്ദേശ്യത്താലാണ് ഇവർ കാബൂളിലെത്തിയിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുത്ത പ്രത്യേക സംഘത്തിന് മാത്രമേ തുർക്കിയിലേക്ക് പറക്കാൻ അനുമതിയുള്ളൂ എന്നറിഞ്ഞ് പലരും നിരാശരായി മടങ്ങുകയാണ്.
Discussion about this post